മുംബൈ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 16 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏപ്രിൽ 30 ന് സൽമാൻഖാനെ കൊല്ലുമെന്നാണ് പൊലീസ് കൺട്രോള്‍ റൂമിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. തിങ്കളാഴ്ച്ച രാത്രിയാണ് ഘോശാല രക്ഷക് എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ പൊലീസിനെ വിളിച്ചത്.
രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നുള്ള ആളാണ് താനെന്നും റോക്കി ഭായ് എന്നാണ് പേരെന്നുമാണ് വിളിച്ചയാള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഒപ്പം താനൊരു ഗോസംരക്ഷകനാണെന്നും സ്വയം പരിചയപ്പെടുത്തിയിട്ടുണ്ട് ഇയാള്‍. ഇതേത്തുടര്‍ന്ന് മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസത്തില്‍, താനെ ജില്ലയിൽ നിന്നുള്ള 16 വയസ്സുകാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം. രാജസ്ഥാൻ സ്വദേശിയായ കൗമാരക്കാരനെ ചൊവ്വാഴ്ചയാണ് പോലീസ് പിടികൂടിയത്. താനെ ജില്ലയിലെ ഷഹാപൂരില്‍ നിന്നാണ് കോള്‍ വന്നത് എന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ സൂചനകള്‍ വച്ചാണ് മുംബൈ പോലീസ് വിളിച്ചയാളെ പിടികൂടിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. നേരത്തേയും സൽമാൻ ഖാന് നിരവധി ഭീഷണി ഈ മെയിലുകളും, കത്തുകളും ലഭിച്ചിരുന്നു.
തീഹാർ ജയിൽ കഴിയുന്ന അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ പേരിലായിരുന്നു അവയെല്ലാം. സൽമാൻ ഖാൻ രാജസ്ഥാനിലെ വനങ്ങളിൽ കൃഷ്ണ മൃഗങ്ങളെ വേട്ടയാടിയ സംഭവത്തിൽ ബിഷ്‌ണോയ് സമുദായത്തോട് മാപ്പു പറയണമെന്നും ഇല്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി. ഇതിന് പിന്നാലെ സൽമാന് ബുള്ളറ്റ് പ്രൂഫ് വാഹനമുൾപ്പെടെ വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെയാണ് പുതിയ ഭീഷണി വന്നിരിക്കുന്നത്.