പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഭീകരവാദത്തിന്റെ പേരില്‍ ഈ രാജ്യത്ത് നിരോധിക്കപ്പെട്ട ഒരു സംഘടനയാണ്. ആ സംഘടനയുമായി സംസ്ഥാനത്തെ ഒരു മന്ത്രിക്ക് ബന്ധമുണ്ടെന്നാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് ആരോപണമുന്നയിക്കുന്നത്.
വസ്തുതാപരമായി നോക്കുമ്പോള്‍ വിശ്വാസയോഗ്യമല്ലെങ്കിലും ഒരു ആരോപണമെന്ന നിലയില്‍ ഇത് ഗുരുതരമായ ഒന്നാണ്.
ആരോപണ വിധേയനായ വ്യക്തിക്ക് മാത്രമല്ല, സംസ്ഥാന ഭരണകൂടത്തിന്റെ തന്നെ വിശ്വാസ്യതക്ക് നേരെയുയരുന്ന വെല്ലുവിളിയാണ് ഇത്. കാരണം ക്രമസമാധാനപാലനം ഒരു സംസ്ഥാന വിഷയമാണ്. ആഭ്യന്തര വകുപ്പ് നേരിട്ട് കൈകാര്യം ചെയ്യുന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു കൂടിയായ പ്രമുഖ മന്ത്രിക്കെതിരെ നിരോധിത തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണം എത്ര കഴമ്പില്ലാത്തതാണെങ്കിലും അതിനതിന്റേതായ ഗൗരവസ്വഭാവം കൈവരുന്നത് സ്വാഭാവികമാണ്.
നേരത്തേ എല്‍ഡിഎഫ് പക്ഷത്തുള്ള കെ.ടി.ജലീല്‍ എംഎല്‍എക്ക് നേരെ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനും തീവ്രവാദ ആരോപണം ഉന്നയിച്ചിരുന്നു. അതിനെതിരെ നിയമ നടപടിയൊന്നും വേണ്ട എന്നായിരുന്നു ജലീലിന്റെ തീരുമാനം. മന്ത്രിമാരും എംഎല്‍എമാരുമടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ ബിജെപി നേതാക്കള്‍ ഇങ്ങനെ നിരന്തരമായി തീവ്രവാദ ആരോപണങ്ങളുന്നയിക്കുകയും അധിക്ഷേപം നടത്തുകയും ചെയ്യുമ്പോള്‍ എന്തുകൊണ്ടാണ് നിയമനടപടികള്‍ക്ക് മുതിരാതെ സിപിഎമ്മുകാര്‍ ഓടിയൊളിക്കുന്നത്?