തിരുവനന്തപുരം: ഇന്ത്യയിലെ മുന്‍നിര ചെസ് സ്കൂളുകളില്‍ ഒന്നായ കാപ്പബ്ലാങ്ക സ്കൂള്‍ സംഘടിപ്പിച്ച ചെസ് ടൂര്‍ണമെന്റ് സമാപിച്ചു. തിരുവനന്തപുരത്തെ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു ഒരാഴ്ച നീണ്ടു നിന്ന മത്സരങ്ങള്‍. രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളാണ് വാശിയേറിയ മത്സരങ്ങളില്‍ മാറ്റുരച്ചത്. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (FIDE) നിയമാവലിയും മാനദണ്ഡങ്ങളും പൂര്‍ണമായും പാലിച്ചു കൊണ്ട് ക്ളാസ്സിക്, റാപിഡ്, ബ്ലിറ്റ്സ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. 25 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ വിജയികള്‍ക്ക് വിതരണം ചെയ്തു.
റാപിഡ് ടൂര്‍ണമെന്റില്‍ കേരളത്തില്‍ നിന്നുള്ള ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ജുബിന്‍ ജിമ്മി ചാമ്പ്യനായി. തമിഴ്നാട് സ്വദേശി ഗ്രാന്‍ഡ് മാസ്റ്റര്‍ ഭരത് സുബ്രമണ്യം രണ്ടാം സ്ഥാനവും ആന്ധ്ര പ്രദേശില്‍ നിന്നുള്ള ഭരത് കുമാര്‍ റെഡ്ഢി പോരുളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്ലാസിക് വിഭാഗത്തില്‍ തെലങ്കാനയില്‍ നിന്നുള്ള ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ചക്രവര്‍ത്തി റെഡ്ഢി ഒന്നാം സ്ഥാനവും മഹാരാഷ്ട്രയില്‍ നിന്നുള്ള കിരണ്‍ പണ്ഡിറ്റ് റാവു രണ്ടാം സ്ഥാനവും തമിഴ്നാടില്‍ നിന്നുള്ള പീറ്റര്‍ ആനന്ദ് മൂന്നാം സ്ഥാനവും നേടി. ബ്ലിറ്റ്സ് ടൂര്‍ണമെന്റ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ തമിഴ്നാട് സ്വദേശികളാണ് സ്വന്തമാക്കിയത്. ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ രവി തേജ ഒന്നാം സ്ഥാനവും ഗ്രാന്‍ഡ് മാസ്റ്റര്‍ ഭാരത് സുബ്രമണ്യം രണ്ടാം സ്ഥാനവും നേടി.
മത്സരാര്‍ത്ഥികള്‍ക്ക് പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരിശീലകര്‍, ചെസ് പ്രേമികള്‍ എന്നിവരും മേളയില്‍ പങ്കെടുത്തു. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ ചതുരംഗ മാമാങ്കങ്ങളില്‍ ഒന്നിനാണ് കാപ്പബ്ലാങ്ക സ്കൂള്‍ വേദിയൊരുക്കിയത്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് ചെസില്‍ അഗ്രഗണ്യരായവരെയും അതിനെ സ്നേഹിക്കുന്ന സാധാരണക്കാരെയും ഒരുമിച്ച് കൊണ്ടുവരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് കാപ്പബ്ലാങ്ക ചെസ് സ്കൂളിന്റെ സ്ഥാപക സിഇഒ വിജിന് ബാബു എസ് പറഞ്ഞു. ചെസിന്റെ ആവേശം കൂടുതല്‍ പേരിലെത്തിക്കാന്‍ ഇനിയും ഇത്തരം ശ്രമങ്ങള്‍ തുടരും.
ചെസില്‍ മിടുക്കരായ കുട്ടികളെ വാര്‍ത്തെടുക്കുന്നതിന് വേണ്ടി നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അപൂര്‍വം സ്കൂളുകളില്‍ ഏറ്റവും പേരെടുത്ത സ്ഥാപനമാണ് കാപ്പബ്ലാങ്ക ചെസ് സ്കൂള്‍. പതിനാല് രാജ്യങ്ങളില്‍ ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവരെ പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ചതുരംഗത്തില്‍ വിദഗ്ധ പരിശീലനം നല്കി. 2016 ല്‍ സ്ഥാപിക്കപ്പെട്ട ശേഷം കേരളത്തില്‍ മാത്രം ജില്ലാതലത്തിലും സംസ്ഥാനതലത്തിലും 25 ലേറെ പരിപാടികള്‍ സംഘടിപ്പിച്ചു. കേരളത്തിലെ ചെസ് പ്രേമികളില്‍ നിന്നും 42 ഡിസ്ട്രിക്ട് ചാമ്പ്യന്മാരെയും 12 സംസ്ഥാനതല ചാമ്പ്യന്മാരെയും സൃഷ്ടിച്ചു.