ആർഎസ്എസിന് കീഴടങ്ങി നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് ( എൻ സി ഇ ആർ ടി ) വെട്ടി മാറ്റിയ പാഠഭാഗങ്ങൾ പുതിയ അധ്യയന വർഷത്തിൽ കേരളത്തിൽ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ തീരുമാനിച്ചത് അഭിനന്ദനം അർഹിക്കുന്ന കാര്യമാണ്. മതത്തെ അടിസ്ഥാനമാക്കി പൗരത്വം നൽകാനായി ഭരണഘടന വിരുദ്ധമായ രജിസ്റ്റർ തയ്യാറാക്കില്ലെന്നും വൈദ്യുതി സ്വകാര്യവൽക്കരിക്കില്ലെന്നും പൊതുമേഖലയെ വിറ്റു തുലക്കില്ലെന്നും സബ്‌സിഡികൾ നിലനിർത്തും എന്നുമുള്ള നിലപാടുകൾ എൽഡിഎഫ് സർക്കാറിന്റെ ജനപക്ഷ പ്രതിബദ്ധതയെ വ്യക്തമാക്കുന്നതാണെന്ന് എംവി ജയരാജൻ.
അതുതന്നെയാണ് വിദ്യാഭ്യാസ രംഗത്തെ കാവി വത്കരിക്കാനുള്ളെ കേന്ദ്ര നീക്കത്തോടുള്ള സമീപനവും. ചരിത്രത്തെ കാവി പുതപ്പിക്കാനോ വെട്ടി മാറ്റാനോ അനുവദിക്കുന്നത് ചരിത്ര നിഷേധമാണ്. മുഗൾ സാമ്രാജ്യം, ഗാന്ധിവധം, ഗുജറാത്ത് കലാപം, ഏകകക്ഷി ഭരണം, ശീത സമരം,വ്യവസായി വിപ്ലവം, ജനകീയ പ്രക്ഷോഭം തുടങ്ങിയ ചരിത്ര സംഭവങ്ങളാണ് പുതിയ തലമുറയെ പഠിപ്പിക്കാൻ പാടില്ല എന്ന് സംഘപരിവാർ പറയുന്നത്. എൻസിഇആർടി തയ്യാറാക്കിയ പാഠപുസ്തകങ്ങൾ തന്നെയാണ് ഒരു കരാർ അനുസരിച്ച് കേരളത്തിലും പഠിപ്പിച്ചുവരുന്നത്. ആ കരാർ എന്തിനാണ് റദ്ദാക്കുന്നത്?
ഗാന്ധിജിയെ കൊന്നവരുടെ പിന്മുറക്കാർ വെട്ടി മാറ്റിയ പാഠഭാഗങ്ങൾ ചുവടെ കൊടുക്കുന്നു . ഹിന്ദു മുസ്ലിം ഐക്യത്തിനു വേണ്ടിയുള്ള ഗാന്ധിജിയുടെ ദൃഢചിത്തവും നെഞ്ചുറപ്പുള്ളതുമായ തീവ്ര ഉദ്യമം അത്രത്തോളം ആകയാൽ അത് ഹിന്ദുത്വ തീവ്രവാദികളെ പ്രകോപിപ്പിക്കുകയും അവർ ഗാന്ധിജിയെ വധിക്കാൻ അനേകം ശ്രമങ്ങൾ നടത്തുകയും ചെയ്തു.
ഗാന്ധിജിയുടെ കൊലപാതകം രാജ്യത്തെ വർഗീയ സ്ഥിതിവിശേഷത്തിൽ മാന്ത്രികമായ സ്വഭാവമാണ് ഉണ്ടാക്കിയത്. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘടനകളെ ഇന്ത്യൻ സർക്കാർ ശക്തമായി അടിച്ചമർത്താൻ തുടങ്ങി. ആർഎസ്എസു പോലുള്ള സംഘടനകളെ അൽപകാലം നിരോധിച്ചു”
ഗാന്ധി ശിഷ്യന്മാർ കൂട്ടത്തോടെ കാവി പുതപ്പിൽ ഓടി ഒളിക്കുന്നുണ്ടെങ്കിലും ഗാന്ധിജിയുടെ ധീരമായ വർഗീയ വിരുദ്ധ നിലപാടുകൾ പുതിയ തലമുറയെ പഠിപ്പിക്കുന്നില്ലെങ്കിൽ ചരിത്രം നമ്മെ കുറ്റക്കാരാണെന്ന് വലിയിരുത്തും.