ന്യൂഡൽഹി: സിപിഐയുടെ അംഗീകാരം അധ്വാനിക്കുന്ന ജനങ്ങളുടെ ഹൃദയത്തിലാണെന്ന് ബിനോയ് വിശ്വം എംപി. സാങ്കേതികപരമായി ദേശീയ പദവി പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാൽ ജനങ്ങളുടെ ചോരയിലും വിയർപ്പിലും കണ്ണീരിലും ആണ് സിപിഐ പടുത്തുയർത്തപ്പെട്ടത്. ജനാധിപത്യത്തിനും മതേതരത്വത്തിനും സോഷ്യലിസത്തിനുമുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐയുടെ ദേശീയപാർട്ടി പദവി തിരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കിയതിനു പിന്നാലെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. കേരളത്തിലും മണിപ്പുരിലും തമിഴ്നാട്ടിലും സിപിഐ സംസ്ഥാന പാർട്ടിയായി തുടരും. ബംഗാളിൽ സംസ്ഥാന പാർട്ടി പദവിയും ഇല്ലാതായി. 2014, 2019 വർഷങ്ങളിലെ സീറ്റു നിലയും വോട്ടു ശതമാനവും പരിഗണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് പുതിയ പട്ടിക പുറത്തുവിട്ടത്.
സിപിഐയ്ക്കു പുറമെ തൃണമൂൽ കോൺഗ്രസ്, എൻസിപി എന്നീ പാർട്ടികൾക്കും ദേശീയ പദവി നഷ്ടമായി. അതേസമയം ആം ആദ്മി പാർട്ടിക്ക് ദേശീയ പദവി ലഭിച്ചു.