ന്യൂഡൽഹി: ദേശീയ പാർട്ടി പദവി സംബന്ധിച്ച് തീരുമാനമെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. മൂന്ന് പാർട്ടികളുടെ ദേശീയ പാർട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു. സി പി ഐ, എൻ സി പി, തൃണമൂൾ കോൺഗ്രസ് എന്നീ പാർട്ടികൾക്കാണ് ദേശീയ പാർട്ടി സ്ഥാനം നഷ്ടമായത്. ദേശീയ പാർട്ടിയായി അംഗീകരിക്കപ്പെടാനുള്ള മാനദണ്ഡങ്ങൾ പാലിക്കാൻ ഈ പാർട്ടികൾക്ക് സാധിച്ചിരുന്നില്ല.
അതേസമയം, ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി പുതുതായി നൽകി. ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബിലും അധികാരത്തിലേറിയതാണ് എ എ പിക്ക് ഗുണമായത്.
സിപിഐ ആകട്ടെ ഒരു സംസ്ഥാനത്തും ഭരണത്തിന് നേതൃത്വം നൽകുന്നില്ല. കേരളത്തിലടക്കം ഭരണ മുന്നണിയുടെ ഭാഗമാണ് സിപിഐ. തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിൽ ഭരണം നയിക്കുന്ന പാർട്ടിയാണ്.
എൻസിപിയാകട്ടെ മഹാരാഷ്ട്രയിൽ നേരത്തെ ഭരണ മുന്നണിയുടെ ഭാഗമായിരുന്നു. എന്നാൽ ഷിൻഡെ – ബി ജെ പി സർക്കാർ അധികാരത്തിലേറിയതോടെ എൻസിപി പ്രതിപക്ഷത്തായിരുന്നു.
നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ സംസ്ഥാനകക്ഷിയായി അംഗീകാരം നേടുക, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഏതെങ്കിലും നാല് സംസ്ഥാനങ്ങളിൽ പോൾ ചെയ്യപ്പെട്ട വോട്ടുകളുടെ ആറ് ശതമാനമെങ്കിലും കരസ്ഥമാക്കുക, മൂന്ന് സംസ്ഥാനങ്ങളിലെങ്കിലും രണ്ട് ശതമാനം ലോക്സഭാ സീറ്റുകൾ സ്വന്തമാക്കുക അല്ലെങ്കിൽ ആകെ മൊത്തം നാല് എംപിമാർ പാർട്ടി ടിക്കറ്റിൽ വിജയിക്കുക എന്നിവയാണ് ഒരു കക്ഷിയെ ദേശീയ പാർട്ടിയായി അംഗീകരിക്കാനുള്ള മാനദണ്ഡങ്ങൾ.