തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ ഡൽഹി ഗോൾഡാഘാന സേക്രഡ് ഹാർട്ട് ദേവാലയം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിന്റേത് കപട മതേതരത്വമാണെന്നും മോദിയുടെ ദേവാലയ സന്ദർശനം മുൻചെയ്തികൾക്കുള്ള പ്രായശ്ചിത്തമാണെങ്കിൽ നല്ലതാണെന്നും പിണറായി പ്രസ്താവിച്ചു.
എന്നാൽ മോദിയുടെ സന്ദർശനം ഇത്തരത്തിലുള്ളതായിരുന്നില്ല. സംഘപരിവാറിന്റെ തനിനിറം മതനിരപേക്ഷ സമൂഹം മനസിലാക്കും.
കേരളത്തില്‍ സംഘപരിവാര്‍ ആക്രമം നടക്കാത്തതിന് കാരണം ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ടാണ്. ബിജെപിയുടെ മറ്റേ മോഹം ഇവിടെ നടക്കില്ല. വർഗീയതക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നത് കൊണ്ടാണ് കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം നടക്കാത്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘‘എല്ലാവരും മനസ്സിൽ കുളിർമയോടെയാണ് ഈസ്റ്ററിനെ വരവേൽക്കുന്നത്. ആ ഘട്ടത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി ഡൽഹിയിലെ പ്രസിദ്ധമായ ക്രൈസ്തവ ദേവാലയം സന്ദർശിക്കുകയുണ്ടായി. നല്ലകാര്യം. എങ്ങനെയെന്നാൽ ഇതുവരെയുള്ളതിന് പ്രായശ്ചിത്തമാകുമെങ്കിൽ. ആകുമോ? മറ്റേ രുചി അറിഞ്ഞ പുലി വേറൊരു വഴി സ്വീകരിക്കുമോ. ആ വഴിക്കു തന്നെയല്ലേ അത് സഞ്ചരിക്കുക. എന്നാൽ അതേ ഘട്ടത്തിൽ കേരളത്തിൽ വലിയ മാറ്റം കണ്ടു. കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും അരമനകളിൽ ബിജെപി നേതാക്കൾ സന്ദർശനം നടത്തുന്നത്.
അതുകൊണ്ട് ഒരു ദോഷം ഇവിടെയില്ല. കാരണം കേരളത്തിനു പുറത്താണല്ലോ ഈ പറയുന്ന ക്രൈസ്തവ വേട്ട നടക്കുന്നത്. ആ നിലപാട് നിങ്ങൾക്ക് ഇവിടെ സ്വീകരിക്കാൻ കഴിയാതിരുന്നത് ഇവിടുത്തെ സംഘപരിവാറിന് എന്തെങ്കിലും പ്രത്യേകമായ ന്യൂനപക്ഷ സ്നേഹം ഉണ്ടായതുകൊണ്ടല്ല. ഇവിടെ വർഗീയ നിലപാട് സ്വീകരിച്ച് വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. വിട്ടുവീഴ്ച ഇല്ലാത്ത നിലപാട്. മുഖം നോക്കാതെയുള്ള നടപടി. ഏത് ഉന്നതനായാലും അയാൾക്കെതിരെ നടപടി’’– പിണറായി വിജയൻ പറഞ്ഞു.