തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. ഈ മാസം 20 ന് ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇഡി നിർദേശം നൽകിയിരിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ രേഖകൾ ഹാജരാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അദ്ദേഹം ആരോഗ്യമന്ത്രി ആയിരുന്ന കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളുമാണ് ഇ.ഡി അന്വേഷണ വിധേയമാക്കിയത്.
ശിവകുമാറിന് ബിനാമി ഇടപാടുകളുണ്ടെന്ന് ഇ.ഡി പറയുന്നു. 2020-ല്‍ ശിവകുമാറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ബിനാമികളെന്ന് കരുതപ്പെടുന്നവരുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.
അനധികൃത സ്വത്ത് സമ്പാദനത്തിന് നേരത്തെ വിജിലൻസും കേസെടുത്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നീക്കവും. ശിവകുമാറിന്റെ സുഹൃത്തായ രാജേന്ദ്രനും നോട്ടീസ് ലഭിച്ചിട്ടുണ്ട്.