തിരുവനന്തപുരം: ഇന്ത്യന്‍ കമ്പനികള്‍ക്ക് സ്പെയിന് സര്‍ക്കാര്‍ നല്കുന്ന സ്പാനിഷ് നിക്ഷേപ അവസരങ്ങളും ആനുകൂല്യങ്ങളും ചര്‍ച്ച ചെയ്യാന്‍ സ്പെയിന് സംഘം ടെക്നോപാര്‍ക്കിലെത്തി. സ്പെയിന് ഇക്കണോമിക് ആന്‍ഡ് കൊമേഴ്സ്യല്‍ ഓഫീസ് മുംബൈയില്‍ നിന്നുള്ള സംഘമാണ് ടെക്നോപാര്‍ക്കിലെത്തി ചര്‍ച്ച നടത്തിയത്.
കൊമേഴ്സ്യല്‍ കൗണ്‍സിലര്‍ വെനേസ അല്‍വാരസ് ഫ്രാങ്കോ, മാര്‍ക്കറ്റ് അനലിസ്റ്റ് പദ്മ കിരാണി, ട്രേഡ് അഡൈ്വസര്‍ മാരിയോ ഗോണ്ഡാലെസ് പദെലിയ, അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് മഹാലക്ഷ്മി മനോജ് നായര്‍ എന്നിവരായിരുന്നു സ്പെയിന് സംഘത്തിലുണ്ടായിരുന്നത്. കേരളത്തിലെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കില്‍ അംഗങ്ങളായ വിവിധ കമ്പനി പ്രതിനിധികള്‍, ടെക്നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട), കേരളാ ഐ.ടി പാര്‍ക്ക്സ് സി.എം.ഒ മഞ്ജിത്ത് ചെറിയാന്, ജിടെക് സി.ഇ.ഒ വിഷ്ണു വി. നായര്‍, ബിഡി.എഫ്.ജി കണ്‍വീനര്‍ മനേഷ് വി.എസ്, വൈസ് ചെയര്മാന് റിച്ചാര്‍ഡ് ആന്റണി, പാര്‍ക്ക് സെന്റര്‍ ഒഫീഷ്യല്‍സ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.