തിരുവനന്തപുരം: ആർഎസ്എസ് കേരളത്തിലെ ക്രിസ്ത്യാനികളെ അപമാനിക്കുകയാണെന്ന് സിപിഎം പിബി അംഗം എം.എ.ബേബി. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നടന്ന എല്ലാ വർഗീയാക്രമണങ്ങളുടെയും പിന്നിലുള്ള ആർഎസ്‌എസ് ഒരു തിരഞ്ഞെടുപ്പ് വരുമ്പോൾ ജനങ്ങളുടെ മുന്നിലേക്ക് വെളുക്കെ ചിരിച്ചു കൊണ്ട് വരുമ്പോൾ കുറേപ്പേർ ആ തട്ടിപ്പിൽ വീഴുമെന്ന് ആർഎസ്എസുകാർ കരുതുന്നത് കേരളത്തിലെ ക്രിസ്ത്യാനികളെ അപമാനിക്കലാണെന്ന് സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു.
ക്രിസ്ത്യാനികളുടെ വോട്ട് കിട്ടുമെന്ന് ആർഎസ്എസുകാർ കരുതുന്നത് വിഡ്ഢികളുടെ സ്വർഗത്തിൽ ആയതുകൊണ്ടാണ്. കേരളത്തിലെ എല്ലാ മതവിശ്വാസികളും ആർഎസ്എസുകാരെ ഒരിക്കലും സഹകരിക്കാൻ പറ്റാത്തവരായി കണക്കാക്കും എന്നതിൽ സംശയമില്ലെന്നും എം.എ.ബേബി പറഞ്ഞു.
ഫേയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ആര്‍എസ്എസ് കേരളത്തിലെ ക്രിസ്ത്യാനികളെ അപമാനിക്കുന്നു.
കേരളത്തിലെ ക്രിസ്ത്യന്‍ വീടുകളില്‍ ആര്‍എസ്എസുകാര്‍ ഇന്ന് സന്ദര്‍ശനം നടത്തുകയാണല്ലോ. അതുപോലെ വിഷുവിന്റെ അന്ന് ആര്‍എസ്എസുകാരുടെ വീടുകളില്‍ സദ്യയുണ്ണാന്‍ ക്രിസ്ത്യാനികളെ ക്ഷണിച്ചിട്ടുമുണ്ട്. ദുഃഖവെള്ളിയാഴ്ച മലയാറ്റൂരില്‍ മലകയറാന്‍ ആര്‍എസ്എസ് നേതാവ് എഎന്‍ രാധാകൃഷ്ണന്‍ പോയിരുന്നു. മുന്നൂറ് മീറ്റര്‍ നടന്നു തിരിച്ചും പോയി.
ഭൂരിപക്ഷമതത്തിന്റെ പേരില്‍ അക്രമാസക്തമായ വര്‍ഗ്ഗീയ രാഷ്ട്രീയം ഒരുമറവും കൂടാതെ കൈകാര്യം ചെയ്യുന്ന ഒരു തീവ്രവാദസംഘടനയാണ് ആര്‍എസ്സ്എസ്സ് എന്ന് ആര്‍ക്കാണ് അറിയാത്തത്? ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഇന്ത്യയില്‍ നടക്കുന്ന എല്ലാ വിവേചനങ്ങളുടെയും പിന്നിലെ ഈ ശക്തി, ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടന്ന എല്ലാ വര്‍ഗീയാക്രമണങ്ങളുടെയും പിന്നിലെ ഈ ശക്തി, ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ ജനങ്ങളുടെ മുന്നിലേക്ക് വെളുക്കെ ചിരിച്ചുകൊണ്ട് വരുമ്പോള്‍ കുറേപ്പേര്‍ ആ തട്ടിപ്പില്‍ വീഴും എന്ന് ആര്‍എസ്എസുകാര്‍ കരുതുന്നത് കേരളത്തിലെ ക്രിസ്ത്യാനികളെ അപമാനിക്കലാണ്.
മോദി നല്ല നേതാവ്, എന്നൊക്കെ പറയുന്ന അപൂര്‍വ്വം മെത്രാന്മാര്‍ ഉണ്ട്. അവര്‍ എന്തുപേടിച്ചാണ് ഇത് പറയുന്നത് എന്നത് എല്ലാവര്‍ക്കും അറിയാം. ഇവര്‍ പറയുന്നപോലെ ക്രിസ്ത്യാനികളുടെ വോട്ട് കിട്ടും എന്ന് ആര്‍എസ്എസുകാര്‍ കരുതുന്നത് വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ ആയതുകൊണ്ടാണ്. കേരളത്തിലെ എല്ലാ മതവിശ്വാസികളും, ആര്‍എസ്എസുകാരെ ഒരിക്കലും സഹകരിക്കാന്‍പറ്റാത്തവരായി കണക്കാക്കും എന്നതില്‍ സംശയമില്ല.