രാമനവമി ദിനത്തില്‍ ഉത്തർപ്രദേശിലെ ആഗ്രയില്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് പശുക്കളെ അറുത്ത സംഭവത്തില്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ഭാരത് ഹിന്ദു മഹാസഭയിലെ നാലു പ്രവര്‍ത്തകരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു.
ആഗ്രയിലെ എത്മദുദ്ദൗലയിലെ ഗൗതം നഗറില്‍ പശുവിനെ അറുത്തശേഷം നാലു മുസ്ലിം യുവാക്കള്‍ക്കെതിരെ വ്യാജ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുസ്ലിം യുവാക്കള്‍ക്കെതിരായ പരാതി വ്യാജമാണെന്നും പിന്നില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും കണ്ടെത്തി.
ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് സഞ്ജയ് ജാട്ടാണത്രെ പ്രധാന സൂത്രധാരന്‍. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളും അനുയായികളും മെഹ്താബ് ബാഗില്‍ മാര്‍ച്ച് 29ന് രാത്രി പശുവിനെ അറുക്കുകയായിരുന്നു. പിന്നാലെ പാര്‍ട്ടി പ്രവര്ത്തകന് ജിതേന്ദ്ര കുശ്വാഹയോട് പൊലീസില്‍ പരാതി നല്കാന് നിര്‍ദേശിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധ പ്രകടനവും നടത്തി.
മുഹമ്മദ് റിസ്വാന്, മുഹമ്മദ് നകീം, മുഹമ്മദ് ഷാനു, ഇമ്രാന് ഖുറൈശി എന്നിവരെ പ്രതി ചേര്‍ത്താണ് പൊലീസില്‍ പരാതി നല്‍കിയത്. തൊട്ടടുത്ത ദിവസം ഇമ്രാനെയും ഷാനുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. കേസില്‍ ഇവര്‍ക്ക് പങ്കില്ലെന്നും വ്യാജ പരാതിയിലൂടെ വര്‍ഗീയ കലാപമായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും ആഗ്ര ചത്ത മേഖലയിലെ അഡീഷണല്‍ പൊലീസ് കമീഷണര്‍ ആര്.കെ സിംഗ് വെളിപ്പെടുത്തി.
ട്രൈൻ കത്തിക്കാൻ സൈഫി എന്തിനാണ് ഡൽഹിയിൽ നിന്ന് ദീർഘ ദൂരം യാത്ര ചെയ്ത് “കോഴിക്കോട്ടെത്തിയത്”?
അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശൂരും കണ്ണൂരും “ഇങ്ങെടുക്കാൻ” ആരെങ്കിലും നടത്തിയ ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നോ എലത്തൂരിലെ തീയ്യിടൽ?
കോഴിക്കോട്ട് ഒരു വർഗീയ കലാപം ഉണ്ടാക്കാൻ വല്ല പദ്ധതിയും ട്രൈൻ കത്തിക്കലിന് പിന്നിൽ ഉണ്ടായിരുന്നോ?
സൈഫിയെ ആരെങ്കിലും വിലക്കെടുത്ത് ചെയ്യിച്ചതാണോ പ്രസ്തുത പൈശാചിക കൃത്യം?
വരാൻ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിൻ്റെ മുഖത്ത് വെച്ച് ഇത്തരമൊരു സംഭവം അരങ്ങേറാൻ പ്രത്യേക കാരണം വല്ലതുമുണ്ടോ?ആഗ്രയിലെ ”പശുവിനെ അറുത്ത്” കലാപം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ യാഥാർത്ഥ്യം പുറത്തായി കുറ്റവാളികൾ കയ്യോടെ പിടികൂടപ്പെട്ട സാഹചര്യത്തിൽ മേൽ ചോദ്യങ്ങൾക്ക് പ്രസക്തി വർധിക്കുന്നുണ്ട്? എലത്തൂർ അന്വേഷണ സംഘം ഇവകൂടി പരിശോധിക്കണം.