ന്യൂഡല്‍ഹി: വരും ദിവസങ്ങളില്‍ രാജ്യം കടുത്ത ചൂടിലേക്ക് നീങ്ങിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളില്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബിഹാര്‍, ഉത്തര്‍പ്രദേശ്, ഒഡിഷ, ബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ വരുംദിവസങ്ങളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. വര്‍ധിക്കുന്ന താപനിലയെ കേരളവും ജാഗ്രതയോടെ സമീപിക്കണമെന്നാണ് കാലാവസ്ഥകേന്ദ്രത്തിന്റെ ട്വീറ്റ് സൂചിപ്പിക്കുന്നത്.
അതേസമയം, അടുത്ത രണ്ട് ദിവസങ്ങളില്‍ മഹാരാഷ്ട്ര, ഒഡിഷ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ചിലയിടങ്ങളില്‍ ശക്തമായി കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കാലാവസ്ഥ വ്യതിയാനം ആഗോള താപനില വര്‍ധിപ്പിക്കുന്ന സാഹചര്യത്തെ ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്. 1901-ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഫെബ്രുവരിയാണ് രാജ്യത്ത് 2023-ല്‍ കടന്നുപോയത്.