ശ്രീനഗർ: കേന്ദ്ര മന്ത്രി നിയമമന്ത്രി കിരൺ റിജ്ജുവിന്റെ കാർ അപകടത്തിൽപ്പെട്ടു. മന്ത്രി സഞ്ചരിച്ച കാർ ജമ്മുകശ്മീരിലെ ബെനിഹാലിൽ വെച്ച് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മന്ത്രി സുരക്ഷിതനാണെന്നും പരിക്കില്ലെന്നുമാണ് വിവരം.
റാംബൻ ജില്ലയിലെ ബനിഹാൽ മേഖലയിൽ ഇന്ന് വൈകിട്ടാണ് അപകടം സംഭവിച്ചത്. ജമ്മു ശ്രീനഗർ ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന മന്ത്രിയുടെ വാഹനത്തിലേക്ക് ഒരു ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടം നടന്നയുടൻ മന്ത്രിയെ സുരക്ഷാ ഉദ്യോഗസ്ഥർ കാറിൽ നിന്ന് പുറത്തെത്തിച്ചു. നിസാര അപകടമാണ് നടന്നതെന്നും മന്ത്രി മറ്റൊരു കാറിൽ യാത്ര തുടർന്നതായും അധികൃതർ അറിയിച്ചു.