കണ്ണൂർ: ഭൂമിയും വീടുമില്ലാത്ത കുടുംബങ്ങൾക്ക് വേണ്ടി ലൈഫ് മിഷൻ മുഖേന നിർമ്മാണം പൂർത്തീകരിച്ച കടമ്പൂർ (കണ്ണൂർ), പുനലൂർ (കൊല്ലം), വിജയപുരം (കോട്ടയം), കരിമണ്ണൂർ (ഇടുക്കി) എന്നീ നാല് ഭവന സമുച്ചയങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ കടമ്പൂരിൽ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ചു.
കടമ്പൂർ ഫ്‌ളാറ്റിലെ 44 ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറ്റവും മുഖ്യമന്ത്രി നിർവഹിച്ചു. ഗുണഭോക്താവായ കെ എം റംലത്തിന്റെ വീട്ടിൽ മുഖ്യമന്ത്രി പാലുകാച്ചി. ഇതേസമയം തന്നെ കൊല്ലം പുനലൂരിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി എന്നിവരും കോട്ടയം വിജയപുരത്ത് വി എസ് വാസവനും ഇടുക്കി കരിമണ്ണൂരിൽ റോഷി അഗസ്റ്റിനും ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറി. നാല് ഭവന സമുച്ചയങ്ങളിലായി 174 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുന്നത്.
ലൈഫ് മിഷൻ പദ്ധതിയിലൂടെ ഇതിനകം 3.4 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഇതിനകം വീട് നിർമ്മിച്ചുനൽകാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല് പേരുള്ള ഒരു കുടുംബം എന്നെടുത്താൽ, 14 ലക്ഷം പേർ സ്വന്തം വീട്ടിൽ കഴിയുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം അമ്പതിനായിരത്തിലധികം വീടുകളാണ് പൂർത്തീകരിച്ചത്. 64,585 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്. ഇതിൽ 40,645 പേർ 2020ലെ ഗുണഭോക്തൃ പട്ടികയിൽ പെട്ടവരാണ്. ബജറ്റിൽ 1436.26 കോടി രൂപയാണ് ലൈഫിനായി നീക്കിവെച്ചത്. നമ്മുടെ സംസ്ഥാനത്ത് വലിയ ജനപിന്തുണ ലഭിച്ച ഒരു പരിപാടിയുടെ ശരിയായ തോതിലുള്ള പൂർത്തീകരണമാണ് നടന്നുവരുന്നത്. ലൈഫ് മിഷൻ വീടുകൾ നിർമ്മിക്കാൻ ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയുടെ ഭാഗമായി തങ്ങളുടെ ഭൂമിയുടെ ചെറിയൊരു ഭാഗം സർക്കാറിനെ ഏൽപ്പിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പലകാര്യങ്ങളിലും തർക്കങ്ങൾ ഉണ്ടാവാമെങ്കിലും ഇതുപോലുള്ള കാര്യങ്ങളിൽ തർക്കങ്ങളല്ല ഉണ്ടാവേണ്ടത്. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല ലൈഫിൽ വീടിനുള്ള അർഹത തുരുമാനിക്കുന്നത്. നമ്മുടെ നാട്ടിൽ നമ്മോടൊപ്പം ജീവിക്കുന്ന പാവപ്പെട്ടവർക്ക് ആവശ്യമായ സഹായവും പിന്തുണയും നൽകുക എന്നതിൽപരം ഒന്നും ചെയ്യാനില്ല. ഇത്തരം കാര്യങ്ങളിലും അനാരോഗ്യകരമായ ചില പ്രവണതകൾ ഉയർന്നുവരാറുണ്ട്. എന്നാൽ സമൂഹത്തിലെ ഭൂരിപക്ഷം പേരും ആരോഗ്യപരമായാണ് ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിക്കായി എരുവേശ്ശേരി ഗ്രാമപഞ്ചായത്തിലെ തന്റെ ഭൂമി സൗജന്യമായി നൽകുന്ന റിട്ട. എഇഒ ജോയ് കെ ജോസഫ് സമ്മതപത്രം മുഖ്യമന്ത്രിക്ക് കൈമാറി.
മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ എന്നിവർ മുഖ്യാതിഥികളായി.
ഡോ വി ശിവദാസൻ എം.പി, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ലൈഫ് മിഷൻ സി ഇ ഒ പി ബി നൂഹ്, തദ്ദേശ സ്വയം ഭരണ വകുപ്പ് റൂറൽ ഡയറക്ടർ എച്ച് ദിനേശൻ, കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ പ്രമീള, കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി പ്രേമവല്ലി തുടങ്ങിയവർ സംസാരിച്ചു.