തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചതിൽ കെ.പി.സി.സി നിർദേശം അവഗണിച്ചതായി പരാതി. ഇതിൽ പ്രതിഷേധിച്ച് വി.ടി ബൽറാമും കെ.ജയന്തും കെ.എസ്.യു ചുമതല ഒഴിഞ്ഞു. ചുമതല ഒഴിയുന്നതായി ചൂണ്ടിക്കാണിച്ച് ഇരുവരും ശനിയാഴ്ച കെ. സുധാകരന് കത്ത് നല്‍കി.
ദേശീയ പ്രസിഡന്റ് ശൗര്യവീർ സിങ്ങാണ് പട്ടിക പ്രഖ്യാപിച്ചത്. രണ്ടു സീനിയർ വൈസ് പ്രസിഡന്റുമാരെയും നാലു വൈസ് പ്രസിഡന്റുമാരെയും 30 ജനറല്‍ സെക്രട്ടറിമാരെയും 14 ജില്ലാ പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന എക്സിക്യൂട്ടിവിൽ 43 പേരുണ്ട്. 21 കൺവീനർമാരും.
കെഎസ്‌യു പുനഃസംഘടനയിൽ കെപിസിസി നേതൃത്വം ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പുനഃസംഘടനയെന്നാണ് കെപിസിസി പ്രസിഡന്റിന്റെ പരാതി.
വിദ്യാർഥി സംഘടനയായതിനാൽ വിവാഹിതരെ ഒഴിവാക്കണമെന്ന നിലപാട് കെപിസിസി നേതൃത്വം മുന്നോട്ടുവച്ചിരുന്നു. ഭാരവാഹികളുടെ എണ്ണം 40നു താഴെ പരിമിതപ്പെടുത്താനും നിർദേശിച്ചു. എന്നാൽ 90ൽ അധികം പേരുടെ പട്ടികയാണ് ദേശീയ നേതൃത്വം പുറത്തിറക്കിയത്. പുനഃസംഘടനയിൽ ഗ്രൂപ്പ് സമവാക്യങ്ങൾ പാലിക്കപ്പെട്ടില്ലെന്നും പരാതി ഉയർന്നു.
കെ.എസ്.യു നേതാക്കൾ കെ.പി.സി.സിയുമായി ആലോചിച്ച് 35 ഭാരവാഹികളുടെ പട്ടികയാണ് ദേശീയ നേതൃത്വത്തിന് നൽകിയത്. ഇത്രയും ആളുകളെ ഭാരവാഹികളാക്കാനാവില്ല എന്ന നിലപാടാണ് എൻ.എസ്.യു നേതൃത്വം ആദ്യം സ്വീകരിച്ചത്. എന്നാൽ ഭാരവാഹികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും അടക്കം ഏകദേശം നൂറോളം പേരുടെ പട്ടികയാണ് എൻ.എസ്.യു ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
മൊഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവരാണ് സീനിയർ വൈസ് പ്രസിഡന്റുമാർ. അനന്ദനാരായണൻ, അരുൺ രാജേന്ദ്രൻ, വിശാഖ് പത്തിയൂർ, യദു കൃഷ്ണൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ജില്ലാ പ്രസിഡന്റുമാർ: തിരുവനന്തപുരം– ഗോപു നെയ്യാർ, കൊല്ലം–അൻവർ സുൽഫിക്കര്‍, ആലപ്പുഴ–തോമസ് എ.ഡി., പത്തനംതിട്ട–അലൻ ജിയോ മൈക്കിൾ, കോട്ടയം–നൈസാം എ.എൻ., ഇടുക്കി–നിതിൻ ലൂക്കോസ്, എറണാകുളം–കൃഷ്ണലാൽ കെ.എം., തൃശൂർ–ഗോകുല്‍ ഗുരുവായൂർ, പാലക്കാട്–നിഖിൽ കണ്ണാടി, മലപ്പുറം–അൻഷിദ് ഇ.കെ., വയനാട്–ഗൗതം ഗോകുൽദാസ്, കോഴിക്കോട്–സൂരജ് വി.ടി., കണ്ണൂർ–അതുൽ എം.സി., കാസർകോട്–ജവാദ് പുത്തൂർ.