സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ചരിത്രം വികലമാക്കി അപൂര്‍ണ്ണമായി ചിത്രീകരിക്കാനുള്ള കേന്ദ്രനീക്കത്തെ ഫെഡറല്‍ സംവിധാനത്തിന് ഉള്ളില്‍ നിന്ന് കേരളം ചെറുക്കും.
ദേശീയ തലത്തില്‍ NCERT പ്രസിദ്ധീകരിക്കുന്ന പാഠപുസ്തകങ്ങളില്‍ നിന്നും ( 6 ക്ലാസ് മുതല്‍ 12 ക്ലാസ് വരെ) പുസ്തകങ്ങളുടെ റേഷണലൈസേഷന്‍ എന്ന പേരില്‍ വ്യാപകമായി പാഠഭാഗങ്ങള്‍ വെട്ടിമാറ്റിയിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം .പ്രധാനമായും 5 കാരണങ്ങളാണ് ഇതിന് എന്‍ സി ആര്‍ ടി പറയുന്നത്.
1. ഒരേ ക്ലാസിലെ മറ്റ് വിഷയങ്ങളിലും ആവര്‍ത്തിച്ചു വരുന്ന ഭാഗങ്ങള്‍.
2. ഒരേ വിഷയങ്ങളില്‍ താഴ്ന്ന ക്ലാസിലോ ഉയര്‍ന്ന ക്ലാസിലോ ആവര്‍ത്തിച്ചു വരുന്ന പാഠഭാഗങ്ങള്‍
3. കുട്ടികളുടെ പഠന പ്രയാസങ്ങള്‍
4. കുട്ടികള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്നതും ടീച്ചര്‍മാരുടെ സഹായമില്ലാതെ തന്നെ പഠിക്കാന്‍ കഴിയുന്നതുമായ പാഠഭാഗങ്ങള്‍.
5. ഇന്നത്തെ സാഹചര്യത്തില്‍ പ്രസക്തമല്ലാത്ത പാഠഭാഗങ്ങള്‍.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ പഠന ഭാരം കുറക്കാനെന്ന പേരില്‍ മുകളില്‍ സൂചിപ്പിച്ച 5 കാര്യങ്ങള്‍ ചൂണ്ടി കാട്ടിയാണ് NCERT പാഠഭാഗങ്ങള്‍ വെട്ടിക്കുറച്ചതായി അവകാശപ്പെടുന്നത്. അക്കാദമികമായി പോലും നിലനില്‍ക്കാത്തതാണ് അതില്‍ പറയുന്ന പല വാദങ്ങളും. അതുകൊണ്ടു തന്നെ ഇതിന്റെ പിന്നിലെ നിക്ഷിപ്ത താല്പര്യങ്ങള്‍ വെട്ടിക്കുറച്ച പാഠഭാഗങ്ങളിലൂടെ സഞ്ചരിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. ഉദാഹരണത്തിന് വര്‍ഷങ്ങളായി കുട്ടികള്‍ പഠിക്കുന്ന പന്ത്രണ്ടാം ക്ലാസിലെ തീംസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി പാര്‍ട്ട് രണ്ടിലെ മുഗള്‍ രാജവംശവുമായി ബന്ധപ്പെട്ട മുഴുവന്‍ ഭാഗങ്ങളും നീക്കം ചെയ്തിരിക്കുന്നു. പൊളിറ്റിക്കല്‍ സയന്‍സിലെ ജനകീയ സമരങ്ങള്‍, ഏക പാര്‍ട്ടി ഭരണം തുടങ്ങിയ ഭാഗങ്ങളും വെട്ടിമാറ്റിയിരിക്കുന്നു. ഇതൊക്കെ വെട്ടിമാറ്റിക്കളയുന്നതിന് തക്കതായ കാരണം പറയാന്‍ ഇവര്‍ക്കാകുന്നില്ല.
കേരളത്തില്‍ നമ്മള്‍ 11, 12 ക്ലാസുകളില്‍ NCERT പാഠ പുസ്തകങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ അധ്യയന വര്‍ഷം മുതലേ ചരിത്രത്തെ വളച്ചൊടിക്കുന്ന കാര്യങ്ങള്‍ ദേശീയ തലത്തില്‍ ചെയ്തിരുന്നുവെങ്കിലും നമ്മള്‍ അംഗീകരിച്ചിരുന്നില്ല. മാനവിക വിഷയങ്ങള്‍ അതേപടി പഠിപ്പിക്കും എന്നാണ് കേരളം പ്രഖ്യാപിച്ചത്.അക്കാദമിക താല്പര്യത്തിന് മുന്‍തൂക്കം നല്‍കാതെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെ കേരളം അംഗീകരിക്കുന്ന പ്രശ്‌നമേയില്ല.
എക്കാലത്തും കേരളം ഉയര്‍ത്തിപ്പിടിച്ച വിശ്വമാനവിക സങ്കല്‍പ്പം, മതനിരപേക്ഷത, ഭരണഘടനാ മൂല്യങ്ങള്‍ തുടങ്ങിയവ മുറുകെ പിടിച്ചും അക്കാദമിക താല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയും നാം മുന്നോട്ട് പോകും.
ഈ പുതിയ അധ്യയന വര്‍ഷത്തിലും NCERT യുടെ ഈ നീക്കത്തെ കേരളം അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല അക്കാദമിക താല്പര്യം മുന്നില്‍ കണ്ട് കേരള സംസ്ഥാനത്തിന് അനുയോജ്യമായ പാഠഭാഗങ്ങള്‍ ചേര്‍ത്ത് പാഠപുസ്തങ്ങള്‍ വികസിപ്പിക്കാനാകും ശ്രമിക്കുക. അതോടൊപ്പം SCERT തന്നെ പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന കാര്യം ആലോചിക്കും.