എ.കെ. ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയില്‍ പോയതിനുത്തരവാദി കെ.പി.സി.സി. പ്രസിഡന്റും കോണ്‍ഗ്രസ്സുമാണ്. ബിജെപിയിലേക്ക് പോകാനിരിക്കുന്ന ഒരു നേതാവ് നയിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്സിന് അനില്‍ ആന്റണിയുടെ ബിജെപി പ്രവേശം ഒരു വിഷയമേ ആയിരിക്കില്ല.’I WILL GO WITH BJP ‘എന്ന് പറഞ്ഞ കെ പി സി സി പ്രസിഡന്റ് ഒരു പരിപാടിയില്‍ വച്ച് കോണ്‍ഗ്രസ്സിന്റെ സോഷ്യല്‍ മീഡിയ സംഘതലവനായ അനില്‍ ആന്റണിക്ക് മധുരം കൊടുക്കുന്ന ചിത്രം പുറത്തു വരികയുണ്ടായി.
ഇപ്പോള്‍ ആ ചിത്രം വൈറല്‍ ആണ്. അതിന് കാരണം അനില്‍ ആന്റണിയെ ബിജെപിയില്‍ മധുരം കൊടുത്ത് എത്തിച്ചത്, താന്‍ പോകുന്നതിനു മുമ്പ് ബിജെപിയില്‍ തനിക്കുള്ള സ്ഥാനം ഉറപ്പിക്കാന്‍ വെടിയാണെന്ന ചിന്ത മൂലമാണ്. കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. കോണ്‍ഗ്രസ് നേതാവ് വിടി ബലറാമിനോട് ഒരു വിദ്യാര്‍ത്ഥി ചോദിച്ച ചോദ്യത്തിന് അദ്ദേഹത്തിന്റെ ഒരു മറുപടിയുണ്ട്.
”ഒരുപാട് കോണ്‍ഗ്രസ് നേതാക്കന്മാര് ബിജെപിയില്‍ ചേരുമ്പോള്‍ ഞങ്ങള്‍ക്കെങ്ങനെ വിശ്വസിച്ച് കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യാന്‍ കഴിയും?” എന്നാണ് കുട്ടി ചോദിച്ചത്. അതിന് വി.ടി. ബലറാം കൊടുത്ത മറുപടി, ”കോണ്‍ഗ്രസ്സില്‍ ഒരുപാട് നേതാക്കളുള്ളതുകൊണ്ട് കുറച്ചുപേര്‍ ബിജെപിയിലേക്ക് പോയിട്ടുണ്ടെ”ന്നായിരുന്നു. എത്ര നിസ്സാരമായിട്ടാണ് ഒരു ഗുരുതരമായ പ്രശ്നത്തെ സമീപിക്കുന്നത്! മതനിരപേക്ഷത കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കേണ്ട രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന ഇത്തരം മൃദുസമീപനങ്ങള്‍ തന്നെയാണ് അനില്‍ ആന്റണിമാരെ സൃഷ്ടിക്കുന്നത്.
കോണ്‍ഗ്രസ് തകരുന്നത് മതനിരപേക്ഷ വിശ്വാസികള്‍ക്ക് വേദനയുണ്ടാക്കുന്ന കാര്യമാണ്. ”എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവില്ലെന്ന” നയം സ്വീകരിച്ച് ഒരു പാര്‍ട്ടി തന്നെ മുന്നോട്ടുപോകുമ്പോള്‍ അവരുടെ കൂടെ അടിയുറച്ചുനിന്ന് വര്‍ഗീയതക്കെതിരായി പൊരുതാന്‍ സാധാരണജനങ്ങള്ക്കാവുമോ എന്ന ചോദ്യമാണ് എല്ലായിടത്തുനിന്നും ഉയരുന്നത്.