ന്യൂഡൽഹി: രാജ്യത്ത് പ്രകൃതിവാതക വില കുറയ്ക്കാന്‍ സർക്കാർ നടപടി. പിഎന്‍ജി, സിഎന്‍ജി വില നിര്‍ണയത്തിനുള്ള ശുപാര്‍ശ കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു. രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വില അടിസ്ഥാനമാക്കി പ്രതിമാസമാകും വില നിര്‍ണയിക്കുക. നിലവിലെ വിലനിർണയ രീതി പൂർണമായും മാറ്റും.
വ്യാഴാഴ്ച ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് യോഗത്തിൽ പ്രകൃതി വാതകം സംബന്ധിച്ച കിരിത് പരീഖ് കമ്മിറ്റിയുടെ ശിപാർശകൾ അംഗീകരിച്ചു.
രാജ്യാന്തര വിപണിയിലെ ക്രൂഡോയിൽ വില അടിസ്ഥാനമാക്കി പാചകവാതക വില തീരുമാനിക്കും. പ്രതിമാസം വിലനിർണയം നടത്തും. അടിസ്ഥാന വിലയും പരമാവധി വിലയും നിർണയിക്കും. അടിസ്ഥാന വില 4 ഡോളറും മേൽത്തട്ട് വില 6.5 ഡോളറുമായിരിക്കും. പുതിയ വിലനിർണയരീതി ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പൊതു സ്വകാര്യ പങ്കാളിത്തത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന പുതിയ ബഹിരാകാശ നയത്തിനും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി.
പാചകവാതക വിലനിർണയ ഫോർമുല അവലോകനം ചെയ്യാൻ സർക്കാർ രൂപീകരിച്ച കിരിത് പരീഖ് കമ്മിറ്റി, 2027 ജനുവരി 1-നകം പ്രകൃതിവാതക വില പൂർണമായി ഉദാരവൽക്കരിക്കാൻ ശിപാർശ ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലാണ് സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.