തിരുവനന്തപുരം: എ.കെ.ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മുപ്പത് വെള്ളിക്കാശിന് യൂദാസ് ഒറ്റിക്കൊടുത്ത ദിവസമാണിന്ന്. ആ ദിവസത്തില്‍ പലതും സംഭവിക്കും. അതില്‍ ഒരു കാര്യം മാത്രമാണിതെന്നും സുധാകരന്‍ പറഞ്ഞു.
പിതാവിനെ ഒറ്റിയ യൂദാസാണ് അനില്‍. മകൻ ബിജെപിയിലേക്കു പോയതില്‍ ആന്റണിക്ക് പ്രയാസമുണ്ട്. അനില്‍ ആന്‍റണി പാര്‍ട്ടിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
എ.കെ.ആന്റണിയുടെ മകന് എന്നതിലപ്പുറത്ത് അനിലിന് കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ല. കോണ്‍ഗ്രസിനുവേണ്ടി ജാഥ സംഘടിപ്പിക്കുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്തിട്ടില്ല.
കോൺഗ്രസിൽനിന്നു കൊണ്ടുപോയവരെല്ലാം ഇപ്പോൾ ശവപ്പറമ്പിലാണ്. ആന്റണിയുടെ വീട്ടിൽനിന്ന് ഒരാളെ കിട്ടിയാൽ ബിജെപി ഇന്ത്യ പിടിച്ചെടുത്തുവെന്ന് കരുതുന്നുണ്ടെങ്കിൽ അത് വെറുമൊരു സ്വപ്നമാണ്. പാർട്ടിയിൽ വിയർപ്പൊഴുക്കിയ ആരും ബിജെപിയിൽ പോയിട്ടില്ല. പാർട്ടിക്കുവേണ്ടി ഒരു പൊടിപോലും വിയർപ്പൊഴുക്കാത്ത ചെറുപ്പക്കാരനാണ് അനിൽ ആന്റണി.
അദ്ദേഹം കോൺഗ്രസുകാരനാണോ എന്ന് ചോദിച്ചാൽ ആണെന്ന് പറയാൻ ഞങ്ങൾക്കു നിവൃത്തിയില്ല. എ.കെ.ആന്റണിയുടെ മകനായതുകൊണ്ട് കോൺഗ്രസുകാരനെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനപ്പുറത്ത് പാർട്ടിയും പാർട്ടിയുടെ പ്രവർത്തനങ്ങളുമായി അനിലിന് യാതൊരു ബന്ധവുമില്ല–സുധാകരൻ പറഞ്ഞു.
രാജ്യത്തെ വഞ്ചിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍നിന്ന് മോചനം നേടുകയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ആരാണ് വഞ്ചിതരാകുന്നതെന്ന് സ്വയം ചിന്തിക്കേണ്ട കാര്യമാണ്. ജനം എല്ലാം വിലയിരുമെന്നും സുധാകരന്‍ പ്രതികരിച്ചു.