കോടികള്‍ കടമെടുത്ത് ധൂര്‍ത്തുകളുടെ മഹാമഹം നടത്തുന്ന ജനവിരുദ്ധ സര്‍ക്കാരാണ് പിണറായി വിജയന്റേത് . മൂന്നു മാസങ്ങളായി ക്ഷേമപെന്‍ഷനുകള്‍ മുടങ്ങിക്കിടക്കുകയാണ്. വിശേഷ അവസരമായ വിഷു വന്നിട്ടുപോലും കുടിശ്ശിക തീര്‍ക്കാനായി സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
കൃത്യമായി ജനങ്ങളിലേക്ക് വര്‍ദ്ധിപ്പിച്ച പെന്ഷന് മുടങ്ങാതെ എത്തിച്ച മുന്‍ യുഡിഎഫ് സര്‍ക്കാരിനെ പറ്റി ഇപ്പോളും നാണംകെട്ട വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന കൂട്ടമാണ് സിപിഎം . കെഎസ്ആര്‍ടിസിയിലെ പെന്ഷന് പോലും കൃത്യമായി കൊടുത്ത യുഡിഎഫിന്റെ കാലഘട്ടത്തില്‍ നിന്നും അവിടെ ശമ്പളം പോലും കൊടുക്കാനാകാത്ത കാലത്തേക്കാണ് ശ്രീ. വിജയന് കേരളത്തെ കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നത്. നിരാലംബര്‍ക്ക് ആശ്രയം ആകേണ്ട പല പെന്‍ഷനുകളും മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്.
കോടികളുടെ അധിക നികുതിയാണ് മുഖ്യമന്ത്രി വിജയന് ജനങ്ങളെ പിടിച്ചുപറിച്ച് ശേഖരിച്ചു കൊണ്ടിരിക്കുന്നത്. ഒരു വീട് വെക്കുക എന്നത് സാധാരണക്കാരന്റെ സ്വപ്നം മാത്രമായി മാറുന്നു. അവിടെ പോലും ഈ ജനദ്രോഹ സര്‍ക്കാര്‍ കൊള്ള നടത്തി പണം സമ്പാദിക്കുകയാണ്. പെട്രോള്‍ ഡീസല്‍ വിലകളില്‍ കേന്ദ്രം നടത്തുന്ന കൊള്ളയ്ക്കു പുറമേ രണ്ടു രൂപ അധികം ചുമത്തി ജനങ്ങളുടെ നെട്ടോട്ടം കണ്ട് ചിരിക്കുന്ന സാഡിസ്റ്റായി കേരള മുഖ്യമന്ത്രി മാറിയിരിക്കുന്നു. ജനങ്ങളില്‍ നിന്ന് തന്നെ അധികമായി കോടിക്കണക്കിന് രൂപ കൊള്ളയടിച്ചിട്ടും പാവപ്പെട്ടവര്‍ക്ക് നല്‍കാനുള്ള ക്ഷേമ പെന്‍ഷനുകള്‍ പോലും മുഴുവനായി കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ആയിരക്കണക്കിന് ഗുണഭോക്താക്കളെയാണ് പെന്ഷന് നല്‍കേണ്ട പട്ടികയില്‍ നിന്നും സര്‍ക്കാര്‍ വെട്ടിമാറ്റിയിരിക്കുന്നത്.
പി ആര് വര്‍ക്കുകള്‍ നടത്തി ആളുകളുടെ കണ്ണില്‍ പൊടിയിടുന്ന ചെപ്പടിവിദ്യകള്‍ മാറ്റിവെച്ചിട്ട് , മുടങ്ങിക്കിടക്കുന്ന മുഴുവന്‍ പെന്‍ഷനും അര്‍ഹരായ മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി ഇനിയെങ്കിലും കൊടുത്തു തീര്‍ക്കണമെന്ന് കെപിസിസി ശക്തമായി ആവശ്യപ്പെടുന്നു.