കൂവപ്പടി ജി. ഹരികുമാർ
കാലടി: കാലടിയിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ ദശാബ്ദങ്ങളായുള്ള ആവശ്യം നിറേവറുന്നു. കാലടിയിൽ നിർമ്മിക്കുന്ന പുതിയ ശ്രീശങ്കരാ സമാന്തര പാലത്തിന്റെ നിർമ്മാണോദ്ഘാടനം തിങ്കളാഴ്ച്ച നടക്കും. രാവിലെ 9.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കും. പാലത്തിന്റെ പൈലിംഗ് ജോലികൾ പുരോഗമിക്കുകയാണ്. 20 കാലുകളാണ് പാലത്തിനുളളത്. ഇതുവരെ 15 എണ്ണത്തിന്റെ പൈലിംഗ് പൂർത്തിയായി. ഒരു കാലിന് 6 പൈലിംഗ് ആണ് നടത്തുന്നത്. മഴക്കാലത്തിനു മുമ്പ് 10 കാലുകളുടെ നിർമ്മാണം പൂർത്തിയാക്കും. ബാക്കി മഴ മാറിയതിനു ശേഷവും.
നിലവിലുള്ള പാലത്തിന്റെ കാലപ്പഴക്കവും വാഹനഗതാഗത സാന്ദ്രതയും കണക്കിലെടുത്താണ് പുതിയ പാലം നിർമിക്കുന്നത്. പാലം നിർമ്മാണത്തിനായി പലവിധ സമരങ്ങളും ജനകീയപ്രക്ഷോഭങ്ങളും ഇവിടെ നടന്നു. 2 വർഷം കൊണ്ട് പാലം നിർമാണം പൂർത്തിയാക്കും. 30.5 മീറ്ററിന്റെ 13 സ്പാനുകളും 13.45 മീറ്ററിന്റെ രണ്ടു സ്പാനുകളും 12.5 മീറ്ററിന്റെ അഞ്ച് സ്പാനുകളും ഉൾപ്പെടെ 20 സ്പാനുകളിലായി 455.4 മീറ്റർ നീളവും ഇരുവശങ്ങളിലും നടപ്പാത ഉൾപ്പെടെ 14 മീറ്റർ വീതിയിലുമാണ് പുതിയ സമാന്തര പാലം യാഥാർത്ഥ്യമാകുന്നത്.
നിലവിലെ ശ്രീശങ്കരാ പാലം വീതിക്കുറവുമൂലം വലിയതോതിലുള്ള ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്. 1963ൽ നിർമ്മിച്ച ഈ പാലത്തിന് 7.62 മീറ്റർ നീളമുളള 2 സ്പാനും, 30.48 മീറ്റർ നീളമുളള 13 സ്പാനുകളും ഉൾപ്പെടെ 411.48 മീറ്റർ നീളവും ഇരുവശത്തും 150 മീറ്റർ വീതിയിൽ ഫുട്പാത്ത് ഉൾപ്പെടെ 9.70 മീറ്റർ വീതിയുമാണുളളത്. സൂപ്പർ സ്ട്രക്ചർ ബാലൻസ്ഡ് കാന്റിലിവർ രീതിയിൽ റോളർ ബെയറിംഗ് ഉപയോഗിച്ചാണ് പാലം നിർമ്മിച്ചിട്ടുളളത്. കാലപ്പഴക്കം മൂലം ബെയറിങ്ങിന് തകരാർ സംഭവിച്ചിട്ടുളളതു കൊണ്ട് കാലടി ഭാഗത്തെ ബെയറിംഗ് കോട്ടിന് ഇളക്കം സംഭവിക്കുകയും കുഴികൾ രൂപപ്പെടുകയും ചെയ്തത് ഗതാഗത സ്തംഭനം രൂക്ഷമാക്കുന്നുണ്ട്.
ഇവിടെ സമാന്തര പാലത്തിന് 2012ൽ ഫണ്ട് അനുവദിച്ചതാണെങ്കിലും നടപടികൾ മുന്നോട്ടുപോയില്ല. 2021 ജൂൺ 14ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കാലടി പാലം സന്ദർശിച്ചിരുന്നു. മൂവാറ്റുപുഴ കേന്ദ്രമായ അക്ഷയ ബിൽഡേഴ്സാണ് പാലത്തിന്റെ നിർമ്മാണക്കരാർ ഏറ്റെടുത്തിരിക്കുന്നത്.