തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കോഴിക്കോട്ട് എത്തിച്ചു. അതിനിടെ പ്രതിയുമായി കേരളത്തിലേക്ക് വന്ന അന്വേഷണസംഘം സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പഞ്ചറായി. കണ്ണൂര്‍ മേലൂരിന് സമീപം കാടാച്ചിറയില്‍ വച്ചാണ് ടയര്‍ പഞ്ചറായത്. ഒരു മണിക്കൂറിലധികം ഇവിടെ കിടന്ന ശേഷമാണ് വേറൊരു വാഹനമെത്തിച്ച് പ്രതിയെ അതില്‍ കയറ്റി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.
അതേസമയം, ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എടിഎസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞദിവസമാണ് കേരളത്തില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്രയില്‍ നിന്ന് പ്രതിയെ പിടികൂടിയത്. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പ്രതി പിടിയിലായത്. രത്നഗിരിയിലെ ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടിയിരുന്നു. ഇയാളുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ട്.
ഞായറാഴ്ച രാത്രി ഒന്‍പതരയ്ക്കാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി 1 കോച്ചില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാരുടെ ദേഹത്തേക്കു പ്രതി പെട്രോള്‍ വീശിയൊഴിച്ചു തീ കൊളുത്തുകയായിരുന്നു. തീ കൊളുത്തുന്നതുകണ്ട് യാത്രക്കാര്‍ പരിഭ്രാന്തരായി മറ്റു കംപാര്‍ട്മെന്റുകളിലേക്കു ചിതറിയോടി. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് പേര് മരിക്കുകയും ചെയ്തിരുന്നു. പേടിച്ച് ട്രെയിനില്‍ നിന്ന് ചാടിയ മൂന്നു പേരാണ് മരിച്ചത്.