കേരള ചരിത്രത്തിൽ തന്നെ ഒരു സാമ്പത്തികവർഷം ഏറ്റവുമധികം സംരംഭങ്ങളാരംഭിച്ചുകൊണ്ട്, ഏറ്റവുമധികം തൊഴിലുകൾ സൃഷ്ടിച്ചുകൊണ്ട് സംരംഭക വർഷം പദ്ധതിയുടെ സുപ്രധാനഘട്ടം അവസാനിച്ചിരിക്കുകയാണ്. 2019-20ൽ 13,695 സംരംഭങ്ങളും 2020-21ൽ 11,540 സംരംഭങ്ങളും ആരംഭിച്ച കേരളത്തിൽ 2022-23ൽ ആരംഭിച്ചിരിക്കുന്നത് 139828 സംരംഭങ്ങളെന്ന് മന്ത്രി പി രാജീവ്.
പത്തിരട്ടിയോളം സംരംഭങ്ങൾ ഒരു വർഷത്തിനുള്ളിൽ ആരംഭിക്കാനും രാജ്യത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കാനും നമുക്ക് സംരംഭക വർഷം പദ്ധതിയിലൂടെ സാധിച്ചിരിക്കുന്നു. 299932 തൊഴിലുകൾ നൽകിക്കൊണ്ട് 8417 കോടി നിക്ഷേപമാകർഷിച്ചുകൊണ്ട് രാജ്യത്തെ തന്നെ എം എസ് എം ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസെന്ന അംഗീകാരം നേടിക്കൊണ്ടാണ് പദ്ധതിയുടെ ആദ്യഘട്ടം അവസാനിച്ചിരിക്കുന്നത്.
സംരംഭങ്ങള്‍ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സര്‍ക്കാര്‍ ഒരുക്കി നല്‍കിയ പശ്ചാത്തല സൗകര്യങ്ങള്‍, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങി പല മാനങ്ങള്‍ കൊണ്ട് രാജ്യത്ത് തന്നെ പുതു ചരിത്രമാണ് നമ്മുടെ സംരംഭക വർഷം പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംരംഭക സംഗമവും കൊച്ചിയിൽ സംഘടിപ്പിക്കുകയുണ്ടായി. സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നിക്ഷേപസൗഹൃദ നടപടികൾ സംരംഭകത്വത്തിലേക്ക് കാലെടുത്തു വെക്കുന്നതിന് ശങ്കിച്ചുനിന്നവരെയും പദ്ധതിയുടെ ഭാഗമാക്കാൻ സഹായിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ ഇപ്പോൾ സംരംഭകരിൽ ഉണ്ടായിരിക്കുന്ന ഈ വിശ്വാസം കാത്തുസൂക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് സർക്കാരിന് മുന്നിലുള്ളത്. ഇതിനായി ഇപ്പോൾ സംരംഭങ്ങൾ ആരംഭിച്ചവർക്ക് സ്കെയിൽ അപ്പിനായുള്ള പദ്ധതിയും സർക്കാർ നടപ്പിലാക്കുകയാണ്. നിലവിൽ ഇന്ത്യയിൽ തന്നെ ആരംഭിക്കുന്ന 100 സംരംഭങ്ങളിൽ 30 സംരംഭങ്ങൾ പൂട്ടിപ്പോകുന്നുണ്ടെന്നിരിക്കെ ഇതിൽ കുറവ് വരുത്തി, സംരംഭകരെ ചേർത്തുപിടിച്ച് സർക്കാർ മുന്നോട്ടുപോകും. മാറ്റം നാട് കാണുന്നുണ്ട്. സംരംഭക വർഷത്തിലൂടെ നിങ്ങളുടെ അയൽക്കാരിയോ/അയൽക്കാരനോ കൂട്ടുകാരിയോ/കൂട്ടുകാരനോ സംരംഭകനായിട്ടുണ്ട്.