തിരുവനന്തപുരം: ബ്രഹ്മപുരം വിഷപ്പുക കാരണം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പഠിക്കാൻ വിദഗ്ധ സമിതിയെ രൂപീകരിച്ചു. രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന ആണ് വിദഗ്ധ സമിതിയുടെ കൺവീനർ.
ഇപ്പോഴുണ്ടായ ആരോഗ്യ പ്രശ്‌നങ്ങൾ, അതിൽ ദീർഘകാലത്തേക്ക് നിലനിൽക്കുന്നവ, ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ, അവ സൃഷ്ടിക്കുന്ന ഘടകങ്ങൾ, വെള്ളത്തിലോ മണ്ണിലോ മനുഷ്യ ശരീരത്തിലോ ഭക്ഷ്യ ശൃംഖലയിലോ ഉണ്ടോയെന്നും ഉണ്ടാകാനിടയുണ്ടോയെന്നും സമിതി പരിശോധിക്കും. ടേംസ് ഓഫ് റഫറൻസ് പ്രകാരമുള്ള സമഗ്രമായ റിപ്പോർട്ട് രണ്ട് മാസത്തിനകം വിദഗ്ധ സമിതി സർക്കാരിന് സമർപ്പിക്കാൻ നിർദേശം നൽകിയതായും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.
കുഹാസ് പ്രൊ. വിസി ഡോ. സി പി വിജയൻ, സിഎസ്‌ഐആർ, എൻഐഐഎസ്ടി സീനിയർ സയന്റിസ്റ്റ് ഡോ. പ്രതീഷ്, മഞ്ചേരി മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോ. പ്രൊഫസർ ഡോ. അനീഷ് ടിഎസ്, തൃശൂർ മെഡിക്കൽ കോളേജ് പൾമണറി മെഡിസിൻ വിഭാഗം അസോ. പ്രൊഫസർ ഡോ. സഞ്ജീവ് നായർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് എൻഡോക്രൈനോളജി വിഭാഗം പ്രൊഫസർ ഡോ. പി കെ ജബ്ബാർ, കൊച്ചി അമൃത ഹോസ്പിറ്റൽ പീഡിയാട്രിക് പ്രൊഫസർ (റിട്ട) ഡോ. ജയകുമാർ സി, ചെന്നൈ സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡ് റീജിയണൽ ഡയറക്ടർ ഡോ. എച്ച് ഡി വരലക്ഷ്മി, എസ്എച്ച്എസ്ആർസി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജിതേഷ് എന്നിവരാണ് അംഗങ്ങൾ.
ബ്രഹ്മപുരം തീപിടിത്തത്തിൽ അട്ടിമറിയില്ലെന്നാണ് പൊലീസ് അന്വേഷണ റിപ്പോർട്ട്. അമിതമായ ചൂടാണ് തീപിടിത്തത്തിന് കാരണം. മാലിന്യത്തിന്റെ അടിത്തട്ടിൽ ഉയർന്ന താപനില തുടരുകയാണ്. പ്ലാന്റിൽ ഇനിയും തീപിടിക്കാൻ സാധ്യതയുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിന് സ്വയം തീപിടിച്ചതാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. കാലങ്ങളായി കെട്ടികിടക്കുന്ന മാലിന്യങ്ങളില്‍ വലിയ രീതിയില്‍ രാസമാറ്റമുണ്ടാകുമെന്നും ഈ രാസവസ്തുക്കളാണ് തീ പിടിക്കാന്‍ കാരണമായതെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുളള കാറ്റിന്റെ ദിശയും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂനയും തീ കത്തിപ്പടരാന്‍ കാരണമായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മാര്‍ച്ച് രണ്ടിന് വൈകിട്ട് ആണ് ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചത്. 12 ദിവസമെടുത്താണ് തീ അണച്ചത്. 110 ഏക്കര്‍ സ്ഥലത്തായിട്ട് വ്യാപിച്ചുകിടക്കുകയാണ് മാലിന്യ പ്ലാന്റ്. മൂന്നാം തവണയാണ് ഇവിടെ തീപിടുത്തമുണ്ടാകുന്നത്. കഴിഞ്ഞ രണ്ട് തവണയും തീ ഉയര്‍ന്നത് ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു. അന്ന് ആറുമണിക്കൂര്‍ കൊണ്ട് തീ അണക്കാനായിരുന്നു.