ആലപ്പുഴ: പ്രസവത്തിന് പിന്നാലെ മാതാവ് ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. ആറന്മുള സ്വദേശിനിയുടെ കുഞ്ഞിനെയാണ് വീട്ടിലെ ബക്കറ്റില്‍നിന്ന് പോലീസ് കണ്ടെത്തിയത്. ഉടന്‍തന്നെ പോലീസുകാര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ജനിച്ച് മണിക്കൂറുകൾ മാത്രമായിട്ടുള്ള ആൺകുഞ്ഞിനെ ശുചിമുറിയിലെ ബക്കറ്റിനുള്ളിൽ തുണിയിൽ പൊതിഞ്ഞാണ് ഉപേക്ഷിച്ചത്. പൊലീസിന്റെ പരിശോധനയ്ക്കിടെ ശുചിമുറിയിൽനിന്നു കുഞ്ഞിന്റെ കരച്ചിൽ കേട്ടു. പൊലീസെത്തി നോക്കിയപ്പോൾ ബക്കറ്റിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തി.
പിന്നാലെ ബക്കറ്റുമായി പൊലീസ് സംഘം ഓടി. പൊലീസ് വാഹനത്തിൽ ആദ്യം ചെങ്ങന്നൂരിലെ ആശുപത്രിയിൽ എത്തിച്ചു. ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് ആരോഗ്യവാനാണെന്നാണ് വിവരം. പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയെയും തണൽ എന്ന സന്നദ്ധ സംഘടനയുടെയും സഹായത്തോടെ കുട്ടിക്കു പരിചരണം നൽകിയിരുന്നു.
പത്തനംതിട്ട ആറന്മുളയിലെ വാടകവീട്ടിലെ ശുചിമുറിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. 34 കാരിയാണ് പ്രസവത്തിനു പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചത്. ഇന്നു രാവിലെയാണ് അമിത രക്തസ്രാവവുമായി യുവതി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. രാവിലെ വീട്ടിൽ പ്രസവിച്ചെന്നും കുട്ടിയെ ശുചിമുറിയിലെ ബക്കറ്റിലിട്ടെന്നും ആശുപത്രി ജീവനക്കാരോട് ഇവർ പറഞ്ഞു.
ഏകദേശം മൂന്നരമണിക്കൂറിന് ശേഷമായിരുന്നു പൊലീസ് കുഞ്ഞിനെ കണ്ടെത്തുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാനായതുകൊണ്ടാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ പറയുന്നു.
ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതി ഗര്‍ഭിണിയായവിവരം ആരെയും അറിയിച്ചിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. തുടര്‍ന്ന് മറ്റാരുമറിയാതെ യുവതി വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നു. ഇതിനുപിന്നാലെ അമിതമായരക്തസ്രാവമുണ്ടായതോടെയാണ് യുവതി ആശുപത്രിയില്‍ ചികിത്സതേടിയത്. കുഞ്ഞിനെ ഉപേക്ഷിച്ചതിന് ജുവനൈൽ ജസ്റ്റിസ് നിയമവും ഇന്ത്യൻ ശിക്ഷാ നിയമവും അനുസരിച്ച് യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.