തിരുവനന്തപുരം: കെപിസിസി എക്സിക്യുട്ടീവ് യോഗത്തില്‍ പാര്‍ട്ടി പുനഃസംഘടനയെ ചൊല്ലി തര്‍ക്കം. നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ എനിക്കും പുനഃസംഘടന വേണ്ടെന്ന് യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് വൈകാരിക പ്രസംഗം നടത്തി. പുനഃസംഘടനയ്ക്ക് പൂര്‍ത്തീകരിക്കാന്‍ സഹകരിക്കണമെന്ന് സുധാകരന് നേതാക്കളോട് കൈകൂപ്പി അഭ്യര്‍ഥിച്ചു.
നിങ്ങൾക്ക് പുനസംഘടന വേണ്ടെങ്കിൽ തനിക്കും വേണ്ടെന്ന് സുധാകരൻ പറഞ്ഞു. പുനസംഘടന പൂർത്തിയാക്കാൻ സഹായിക്കണമെന്ന് അദ്ദേഹം കൈകൂപ്പി അഭ്യർഥിച്ചു. രണ്ട് വർഷം കഴിഞ്ഞിട്ടും പുനസംഘടന പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സുധാകരൻ നേതാക്കളുടെ മുന്നിൽ കൈകൂപ്പി അഭ്യർഥിച്ചത്.
യോഗത്തിൽ മുതിർന്ന നേതാക്കൾക്കെതിരെയും വിമർശനമുണ്ടായി. പാർട്ടിയിലെ പ്രശ്നക്കാരായ അരിക്കൊമ്പന്മാരെ പിടിക്കണമെന്ന് അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു. ഓഫിസിലേക്ക് ഒരുദിവസമെങ്കിലും കല്ലെറിഞ്ഞില്ലെങ്കില്‍ ചിലര്‍ക്ക് ഉറക്കമില്ലെന്ന് കെ. മുരളീധരനെതിരെ എം.എം.നസീര്‍ ഒളിയമ്പെയ്തു.
ശശി തരൂർ എംപി പാർട്ടിയേക്കാൾ വലുതാകാൻ ശ്രമിക്കുകയാണെന്നും വിമർശനമുണ്ടായി. തരൂർ പാർട്ടി നിലപാടിനൊപ്പം നിൽക്കുന്നില്ലെന്നായിരുന്നു പരുടേയും പരാതി.
ജില്ലാതല പുനഃസംഘടനാ ലിസ്റ്റ് മൂന്നു ദിവസത്തിനുള്ളില്‍ ഡി.സി.സി. പ്രസിഡന്റും ജില്ലയുടെ ചാര്‍ജ്ജുള്ള കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് കെ.പി.സി.സിക്ക് നല്‍കണം. ജില്ലകളില്‍ നിന്നും ലിസ്റ്റ് ലഭിച്ചാല്‍ 10 ദിവസത്തിനകം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കെപിസിസിക്ക് റിപ്പോര്‍ട്ട് നല്കാന് സംസ്ഥാനതല സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യോഗത്തിന് ശേഷം കെപിസിസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
അയോഗ്യനാക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്ന ഏപ്രില്‍ 11 ന് വമ്പിച്ച റാലി സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും തീരുമാനമായി.
മേയ് നാലിന് തീരുമാനിച്ചിരുന്ന സെക്രട്ടറിയേറ്റ് വളയല്‍ സമരം മാറ്റിവെക്കാനും കെപിസിസി എക്സിക്യുട്ടീവ് യോഗത്തില്‍ തീരുമാനിച്ചു. വൈക്കം സത്യാഗ്രഹ ശതാബ്ദി ദിനാഘോഷപരിപാടി കഴിഞ്ഞാല്‍ ഉടന്‍ തന്നെ സെക്രട്ടറിയേറ്റ് വളയലിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങുവാന്‍ തീരുമാനിച്ചിരുന്നതുമാണ്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള പ്രത്യേക സാഹചര്യത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന സമരപരമ്പരകള്‍ക്ക് എഐസിസി രൂപം നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റ് വളയല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് കെപിസിസി വിശദീകരണം.