തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപയുടെ സമ്മാനം ലഭിച്ച യുവാവ് സുഹൃത്തുക്കൾക്കായി മദ്യസൽക്കാരം നടത്തുന്നതിനിടെ വീടിന്റെ മൺ തിട്ടയിൽനിന്ന് ദുരൂഹ സാഹചര്യത്തിൽ വീണു മരിച്ചത് അടിപിടിക്കിടെയെന്ന് പൊലീസ്. പാങ്ങോട് മതിര തുറ്റിക്കൽ സജി വിലാസത്തിൽ സജീവാണ് (35) മരിച്ചത്. മദ്യപിക്കാൻ ഒപ്പമുണ്ടായിരുന്ന സന്തോഷിനെ പൊലീസ് അറസ്റ്റു ചെയ്തു.
സുഹൃത്തിന്റെ വീട്ടിലെ മദ്യപാനത്തിനിടെയുള്ള വാക്കു തർക്കമാണ് ഇരുവരും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചത്. മാർച്ചിലാണ് പാങ്ങോട് സ്വദേശിയായ സജീവന് 80 ലക്ഷം രൂപ ലോട്ടറി അടിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി തുക ദിവസങ്ങൾക്കകം ബാങ്കിലെത്തി. ഭാഗ്യക്കുറി ലഭിച്ചതിന്റെ സന്തോഷത്തിൽ സുഹൃത്തുക്കളുമായി ആഘോഷിക്കാനാണ് ഇക്കഴിഞ്ഞ ശനിയാഴ്ച സജീവൻ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ പിറ്റേദിവസം സുഹൃത്തിന്റെ വീട്ടിന് സമീപമുള്ള റബ്ബർ തോട്ടത്തിൽ പരിക്കേറ്റ നിലയിൽ സജീവനെ കണ്ടെത്തി. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ എത്തിയാണ് സജീവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സജീവൻ കഴിഞ്ഞദിസവം രാത്രി മരിച്ചു. സജീവന്റെ മരണം കൊലപാതകമാണെന്ന് കാട്ടി കുടുംബാംഗങ്ങൾ പരാതി നൽകുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സജീവന്റെ സുഹൃത്ത് മായാവി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.