ട്രെയിനില്‍ തീ പടരുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച് മരണമടഞ്ഞ സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാര്‍ക്ക് നേരെ ട്രെയിനില്‍ കടന്നു കൂടിയ അജ്ഞാതന്‍ നടത്തിയ അക്രമം മന:സ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ്. ഒരു അജ്ഞാതന്‍ ട്രെയിന്‍ ബോഗിയില്‍ തീകൊളുത്തിയതിന്റെ ഫലമായി രണ്ട് വയസ്സുള്ള കുട്ടി ഉള്‍പ്പെടെ മൂന്ന് പേരാണ് മരണപ്പെട്ടത്. ഗുരുതരമായ പൊള്ളലേറ്റ ഒന്‍പത് യാത്രക്കാര്‍ ഇപ്പോളും ചികിത്സയില്‍ ആണ്.
പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യാത്ര ചെയ്ത യാത്രക്കാരുടെ സുരക്ഷയിലുണ്ടായ ഈ വലിയ വീഴ്ച്ച ആശങ്കാജനകമാണ്. ഇത്തരമൊരു ഭയാനകമായ സംഭവം എങ്ങനെയുണ്ടായെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാമെന്നും നിര്‍ണ്ണയിക്കാന്‍ വകുപ്പ് തലത്തില്‍ അടിയന്തിരവും സമഗ്രവുമായ അന്വേഷണം നടത്തേണ്ടതാണ് .ഈ ഹീനകൃത്യത്തിന് ഉത്തരവാദികളായ കുറ്റവാളികളെ എത്രയും വേഗത്തില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ നല്‍കണം.
ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കും, പരിക്കേറ്റവര്‍ക്കും മതിയായ നഷ്ടപരിഹാരം ഉടനടി നല്‍കണമെന്നും, യാത്രക്കാരുടെ സുരക്ഷയും സംരക്ഷണ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കെപിസിസി ആവശ്യപ്പെടുന്നു.