മലപ്പുറം: മലപ്പുറം വാഴക്കാട് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഭർത്താവ് മൊയ്തീൻ ആണ് പ്രതി. ഇയാളെ അറസ്റ്റ് ചെയ്തു.
വാഴക്കാട് നരോത്ത് നജ്മുന്നീസയെയാണ് ഇന്നലെ വീടിന്റെ ടെറസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാക്ക് തർക്കം ആക്രമണത്തിൽ കലാശിച്ചതാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.
നജ്മുന്നീസ വീടിന്റെ ടെറസിൽ മരിച്ചു കിടക്കുന്നതായി മുഹിയുദ്ദീനാണ് എല്ലാവരെയും അറിയിച്ചത്. എന്നാൽ വീടിന്റെ ടെറസിൽവച്ച് നജ്മുന്നീസയും മുഹിയുദ്ദീനുമായി തർക്കമുണ്ടായെന്ന് പൊലീസ് കണ്ടെത്തി. ഭർത്താവിനെ നിരീക്ഷിക്കുന്നതിനാണ് നജ്മുന്നീസ രഹസ്യമായി കോണി വഴി ടെറസിൽ കയറിയത്. ഇവിടെവച്ച് മുഹിയുദ്ദീൻ നജ്മുന്നീസയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് ഭാഷ്യം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മുഹിയുദ്ദീനെയും 2 സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിരുന്നു.
യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ചു യുവതിയുടെ വീട്ടുകാർ രംഗത്തെത്തിയിരുന്നു. ഇന്ന് രാവിലെയാണ് ചെറുവട്ടൂർ നരോത്ത് നജ്മുന്നിസയെ (32) വീടിന് മുകളിൽ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് ഡോഗ്സ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.