തിരുവനന്തപുരം: എലത്തൂരിലെ ട്രെയിൻ തീവയ്പ് ആസൂത്രിത ഭീകരപ്രവർത്തനമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജൻ. ഇതിന്റെ വേര് കണ്ടെത്തണം. കേരളത്തിലെ സമാധാനം തകർക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള നടപടി സ്വീകരിച്ചു വരികയാണ്. എല്ലാ രംഗങ്ങളിലും നമ്മുടെ ജാഗ്രതയുണ്ടാകണം. ഭീകരന്മാര്, ഭീകരപ്രവര്‍ത്തനങ്ങള്‍ ഇതൊക്കെ നമ്മുടെ സാമൂഹിക ജീവിതത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് പൊലീസ് സംവിധാനം കൂടുതല്‍ മെച്ചപ്പെടും, ജാഗ്രത പാലിക്കും. ജനങ്ങളും അതിനനുസരിച്ച് ജാഗ്രത പാലിക്കണം.
കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു സംഭവത്തിന്റെ യാതൊരു സാധ്യതയുമില്ല. അതുകൊണ്ട് തന്നെ ഇതിന്റെ വേര് എവിടെവരെയുണ്ടെന്ന് അടുത്ത ദിവസങ്ങളിലായിട്ട് മനസിലാക്കാന്‍ കഴിയും. വര്‍ഗീയ കലാപങ്ങളില്ലാത്ത നല്ല നാടാണ് കേരളം. സമാധാനപരമായ അന്തരീക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ശക്തികളുടെ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എലത്തൂർ ട്രെയിൻ ആക്രമണക്കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ പൊലീസ് പിടിയിലായി. നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോണിന്റെ ഐ.എം.ഇ.എ കോഡിൽ നിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കി ഇയാൾ നോയിഡ സ്വദേശിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കണ്ണൂരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. കോഴിക്കോട് കെട്ടിട നിർമ്മാണ തൊഴിലാളിയാണ് പിടിയിലായ ഷാരൂഖ് സെയ്ഫി. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.