തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പിന്തുണച്ച് കൊണ്ട് പന്ന്യൻ രവീന്ദ്രന്‍റെ മകൻ രൂപേഷ് പന്യന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഇഷ്ടങ്ങളൊരിക്കലും
വ്യക്തികളോടല്ല അവരിലെ ശരികളോട് മാത്രമാണെന്ന് രൂപേഷ് പന്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുലിനെ ഇഷ്ടപ്പെട്ടത് കൊണ്ട് ഞാൻ കോൺഗ്രസ്സാവുമെങ്കിൽ, വാജ്പേയിയെ ഇഷ്ടപ്പെട്ടു പോയ ഞാൻ എന്നോ ബി.ജെ.പി ആയേനെയെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യങ്ങൾ ചോദിക്കുന്ന രാഹുലിനെ ഇഷ്ടപ്പെടുന്നത് അയോഗ്യതയാണെങ്കിൽ യോഗ്യതയില്ലാത്തവർ കെട്ടി ചമക്കുന്ന ആ അയോഗ്യത കണ്ട് ഭയക്കില്ലെന്നും അദ്ദേഹം കുറിച്ചു.
രൂപേഷ് പന്യന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
രാഹുലിനെ കുറിച്ചെഴുതിയ
എന്നെ അയോഗ്യനും യോഗ്യനുമാക്കിയ
എൻ്റെ മുഖ പുസ്തക കൂട്ടുകാർക്ക് …
രാഹുലിൻ്റെ ഉള്ളിലിരുപ്പെന്തെന്നറിഞ്ഞ് രാഹുലിനോട് കൂട്ടുകൂടാൻ രാഹുലെൻ്റെ അയൽവാസിയോ അടുപ്പക്കാരനോ അല്ല …
ആകാശത്തെ നക്ഷത്രങ്ങളെ പോലെ ടി.വി കാഴ്ചയിൽ മാത്രം കൺമുന്നിലെത്തുന്ന
ഒരാൾ മാത്രമാണ് എനിക്കിന്നും രാഹുൽ …
പക്ഷെ നക്ഷത്രമായി
മാനത്തുറങ്ങാതെ
മഞ്ഞും മഴയും വെയിലും
മാറി മറയുന്ന പാതയിലൂടെ കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്ക് രാഹുൽ നടന്നു നീങ്ങിയപ്പോൾ… ആദിശങ്കരനു ശേഷം ഒരത്ഭുത കാഴ്ചയായി അത് മാറാത്തത് ..
കാഴ്ച നഷ്ടപ്പെട്ടവരുടെ കണ്ണുകൾക്ക് മാത്രമായിരിക്കും …
വാക്കുകൾ കൊണ്ട് ലോകത്തിൻ്റെ ഏതറ്റത്തേക്കും ആർക്കും കാലനങ്ങാതെ യാത്ര ചെയ്യാം…
പക്ഷെ
ചുടും തണുപ്പും മഴയും
ഏറ്റു കിടക്കുന്ന
പാതകളിലൂടെ നടന്ന് കന്യാകുമാരിയിൽ നിന്നും കാശ്മീരിലെത്തുവാൻ
ഋഷി തുല്ല്യ മനസ്സുള്ളവർക്കേ കഴിയൂ ….
അണികളുടെ ആർപ്പുവിളികൾക്കിടയിൽ
പ്രസംഗിച്ച് എവറസ്റ്റെന്നല്ല
ഏതു കൊടുമുടി കയറാനും ഏത് നേതാവിനും കഴിയും …
പക്ഷെ
സ്റ്റേജും അണികളുമൊഴിഞ്ഞാൽ
തല കറങ്ങി വീഴാൻ ആ നേതാവിനെ ഒരു കുഞ്ഞു കുന്നിൻ്റെ മുകളിൽ കൊണ്ടു പോയി നിർത്തിയാൽ മാത്രം മതി..
കേസുകൾക്കൊപ്പം തുഴയേണ്ടി വന്നാലും
ജയിലറക്കുള്ളിൽ കഴിയേണ്ടിവന്നാലും
തല കുനിക്കില്ലെന്ന് രാഹുൽ
പറയുമ്പോൾ…
അത് വെറുമൊരു വായ്ത്താരിയല്ലെന്ന് തിരിച്ചറിയാൻ ക്യാമറ ഒപ്പിയെടുത്ത ആ മുഖത്തെ പതിയിരിക്കുന്ന ആത്മരോഷം മാത്രം കണ്ടാൽ മതി …
രാഹുലിനെ ഇഷ്ടപ്പെട്ടത് കൊണ്ട് ഞാൻ കോൺഗ്രസ്സാവുമെങ്കിൽ …
വാജ്പേയിയെ ഇഷ്ടപ്പെട്ടു പോയ ഞാൻ എന്നോ ബി.ജെ.പി ആയേനെ.. …
ഇഷ്ടങ്ങളൊരിക്കലും
വ്യക്തികളോടല്ല അവരിലെ ശരികളോട് മാത്രമാണ്…
എം. എൻ സ്മാരകത്തെ ഇഷ്ടപ്പെടുന്നത് സി.പി.ഐ ഓഫീസായതുകൊണ്ട് മാത്രമല്ല …
വെളിയവും ചന്ദ്രപ്പനും പി.കെ.വി യുമൊക്കെ ശരികളുമായി മാത്രം കൂട്ടുചേർന്ന് വിട പറഞ്ഞതിൻ്റെ ഓർമ്മകൾ
തങ്ങി നിൽക്കുന്നൊരിടമായതുകൊണ്ടു കൂടിയാണ്….
ആ ഓർമ്മകൾ കൂടി അസ്തമിക്കുമ്പോൾ
ചുടു കട്ടയിൽ പണിത
വെറുമൊരു നിർമ്മിതി മാത്രമാകും എം.എൻ സ്മാരകം …
ഭാവമാറ്റം കൊണ്ടും
രൂപമാറ്റം കൊണ്ടും
ആ നിർമ്മിതിയുടെ
പകിട്ടും ഭംഗിയും ആവോളം മാറ്റിയാലും ….
വെളിയത്തിൻ്റെയും പി.കെ.വിയുടെയും
ചന്ദ്രപ്പൻ്റയും ഓർമ്മകൾ
ചലിക്കുന്ന വഴികൾ മറന്നാൽ…
ഉത്തരത്തിലെ പല്ലിയെ
പോലെ ഞെട്ടറ്റ് വീഴുക
അവരെ കണ്ട് കമ്യൂണിസ്റ്റായവരുടെ പ്രതീക്ഷകളാണ് ….
സാധാരണക്കാരൻ്റെ വിയർപ്പിനാൽ വന്നു ചേർന്ന
പകിട്ടിൻ്റെ താളത്തിനൊപ്പം
നൃത്തം ചെയ്യുന്നവർക്കൊപ്പം
താളം പിടിക്കാൻ വെളിയത്തേയും ചന്ദ്രപ്പനേയുംപോലുള്ളവരെ ഓർക്കുന്ന ഒരു കമ്മ്യൂണിസ്റ്റിനുമാവില്ല …
ചോദ്യങ്ങൾ ചോദിക്കാൻ
ഭയക്കുന്നവർ തളർത്തുന്നത്
വെളിയത്തെയും ചന്ദ്രപ്പനേയും പോലുള്ള നന്മ മനുഷ്യരുടെ ഓർമ്മകളാണ് …
നേതാക്കളുടെ ചിത്രം പോക്കറ്റിൽ
തിരുകി നടന്ന് ഹല്ലേ ലുയ പാടുന്നവർ വളർത്തുന്നത് …
ഹിറ്റ്ലറെയും മുസ്സോളിനിമാരേയുമാണ് …
ചോദ്യങ്ങൾ ചോദിച്ച് …
മുതലാളിമാരോട് കലഹിച്ച്…
ജനങ്ങൾക്കൊപ്പം നടക്കുന്ന
രാഹുലിനെയെന്നല്ല ആരെ ഇഷ്ടപ്പെട്ടാലും നമ്മളാരും കമ്യൂണിസ്റ്റല്ലാതാവില്ല …
ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരം കിട്ടിയില്ലെങ്കിലും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കണം …
നിറ വയറുമായി നിന്ന്
അരപട്ടിണിക്കാരെ നോക്കി…
പട്ടിണിയെ കുറിച്ച് വാതോരാതെ
പ്രസംഗിക്കുമ്പോൾ അത് കേട്ട് കൈയ്യടിക്കുന്നവർ സഖാക്കളല്ല …
സഖാവെന്ന പദത്തിൻ്റെ
അർത്ഥമറിയാതെ വെറുതെ
ആട്ടം ആടുന്നവർ മാത്രമാണെന്നറിഞ്ഞു കൊണ്ട് …
ചോദ്യങ്ങൾ ചോദിച്ച് കൊണ്ടിരിക്കുന്നതോടൊപ്പം ..
ചോദ്യങ്ങൾ ചോദിക്കുന്ന
രാഹുലിനെ ഇഷ്ടപ്പെടുന്നത് .. അയോഗ്യതയാണെങ്കിൽ
യോഗ്യതയില്ലാത്തവർ
കെട്ടി ചമക്കുന്ന ആ അയോഗ്യത
കണ്ട് ഭയക്കില്ല ..
രൂപേഷ് പന്യൻ…