തിരുവനന്തപുരം: കോഴിക്കോട് ട്രെയിനില്‍ തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലും പരിക്കുമേറ്റ എല്ലാവര്ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
മതിയായ ചികിത്സ സൗജന്യമായി ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ട്രെയിനിന്റെ കോച്ചുകളില്‍ ഫൊറന്‍സിക് പരിശോധന നടക്കുകയാണ്. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടൂവ് ട്രെയിനിന്റെ ഡി1, ഡി2 കോച്ചുകളിലാണ് പരിശോധന. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ മാറ്റിയിട്ട ബോഗികളിലാണ് ഫൊറന്‍സിക് പരിശോധന നടക്കുന്നത്.
കേസില്‍ പ്രതി നോയിഡ സ്വദേശിയെന്ന് സംശയിക്കുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് നോയിഡ സ്വദേശിയാണ് പ്രതിയെന്ന സൂചന പൊലീസ് പുറത്തുവിടുന്നത്.