തിരുവനന്തപുരം: ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് ട്രെയിനില്‍ കഴിഞ്ഞ ദിവസമുണ്ടായ തീവെപ്പില്‍ അന്വേഷണം നടത്താന്‍ പ്രത്യേകസംഘത്തെ നിയോഗിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവിറക്കി. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമന്‍ ആണ് അന്വേഷണസംഘത്തലവന്‍. 18 അംഗങ്ങളാണ് സംഘത്തിലുള്ളത്.
ഭീകരവിരുദ്ധ സേന ഡിവൈ.എസ്.പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജ്, താനൂര്‍ ഡിവൈ.എസ്.പി വി.വി.ബെന്നി എന്നിവര്‍ സംഘത്തിലെ അംഗങ്ങളാണ്. ഇത് കൂടാതെ റെയിൽവേ ഇൻസ്പെക്ടർമാർ, ലോക്കൽ സബ് ഇൻസ്പെക്ടർമാർ എന്നിവരെയെല്ലാം ഈ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൊത്തം 18 അംഗ സംഘത്തിനെയാണ് പ്രത്യേക അന്വേഷണം ഏൽപിച്ചു കൊണ്ടുള്ള ഉത്തരവാണിപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുക്കും അന്വേഷണം. സംഭവത്തില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു.
ഇന്നലെയാണ് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ അക്രമി തീ വെച്ചത്. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം അക്രമി ഓടിരക്ഷപ്പെട്ടിരുന്നു. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. അതിന്റെ ഭാഗമായിട്ടാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി എന്നയാളാണ് പ്രതി എന്ന് സൂചന കിട്ടിയതായി പൊലീസ് വ്യക്തമാക്കി. പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കി പുറത്തുവിട്ടിട്ടുണ്ട്.