ശ്രീനിവാസൻ ‘ഏബിവിപി’ ആയിരുന്നു എന്നു ‘സ്വയം പ്രഖ്യാപിക്കുന്ന ‘ ആ വീഡിയോ ഞാനും കണ്ടു. ‘അച്ഛൻ കമ്യൂണിസ്റ്റ് ആയിരുന്നു. അമ്മയുടെ വീട്ടിൽ ചെല്ലുമ്പോൾ അവിടെ എല്ലാവരും കോൺഗ്രസ്. ഞാൻ കോളേജിൽ ആദ്യം കെ എസ് യു. പിന്നെ ഒരു സുഹൃത്ത് ബ്രെയിൻ വാഷ് ചെയ്തപ്പോൾ എബിവിപി ആയി. കൈയിൽ രാഖിയും കെട്ടി നാട്ടിലെത്തി… അന്നൊന്നും എനിക്ക് ഒരു ബോധവുമില്ലായിരുന്നു’ എന്നൊക്കെ കേട്ടാൽ മനസ്സിലാവില്ലേ അന്നത്തെ ആ രാഷ്ട്രീയബോധത്തെയാണു സ്വയം കളിയാക്കുന്നതെന്ന്? അതേ ഉപരിപ്ലവമായ രാഷ്ട്രീയബോധത്തെയാണ് സന്ദേശം സിനിമയും പരിഹസിക്കുന്നത്. സന്ദേശം സിനിമ കണ്ടാൽ ഇനിയും ഞാൻ ചിരിച്ചുമറിയും. ശ്രീനിവാസന്റെ വ്യക്തിപരമായ രാഷ്ട്രീയം എന്തായാലും അത് ആ ചിരിക്ക് ഒരു തടസ്സമാവില്ലെന്ന് വ്യക്തമാക്കുകയാണ് എഴുത്തുകാരൻ മനോജ് കുറൂർ.
സന്ദേശം സിനിമ കണ്ടാൽ ആളുകൾ ഇപ്പോഴും ചിരിക്കും. കാരണമെന്താണെന്നോ? തങ്ങൾക്കു ചിരപരിചിതമായ സാമൂഹിക- കുടുംബസന്ദർഭങ്ങളെയും നേതാക്കന്മാരുടെ പ്രസംഗങ്ങളെയും രാഷ്ട്രീയവിശകലനങ്ങളെയും ഒക്കെ അത് മുമ്പിൽത്തന്നെ കൊണ്ടുവന്നു നിർത്തും. ഇക്കാലത്തും പ്രായോഗികരാഷ്ട്രീയരംഗത്തു വലിയ വ്യത്യാസമൊന്നുമില്ലല്ലൊ എന്ന് അവരോർക്കും.
ആ ചിരി കാണുമ്പോൾ ചിലർക്കു പൊള്ളും. ആർക്കാണെന്നോ? ഇപ്പോഴും തങ്ങളുടെ സ്വന്തം നേതാക്കന്മാർ എന്തു ചെയ്താലും അതിനെയൊക്കെ ന്യായീകരിക്കുകയും അതേ കാര്യം മറ്റുള്ളവർ ചെയ്താൽ പരിഹസിക്കുകയും ചെയ്യാൻ ഒരുളുപ്പുമില്ലാത്ത തനി പ്രായോഗിക രാഷ്ട്രീയപ്രചാരകർക്ക്. സ്വയം വെളിപ്പെട്ടുപോകുന്നതിന്റെ ഒരു ചമ്മലാണ്. കാര്യമാക്കാനില്ല.
സന്ദേശത്തിലെ അച്ഛൻ കഥാപാത്രത്തിന് രാഷ്ട്രീയവിരോധമൊന്നുമില്ല. അയാൾ ആദ്യം മക്കളെച്ചൊല്ലി അഭിമാനിച്ചതാണ്. പക്ഷേ മക്കൾ സമ്മതിക്കണ്ടേ? അവരുടെ ഉപരിപ്ലവരാഷ്ട്രീയമാണ് അയാളെ നട്ടംതിരിച്ചുകളഞ്ഞത്. ‘രാഷ്ട്രീയ സാക്ഷരത’ കുറവുള്ള ആ പാവം മനുഷ്യനു മക്കളിൽനിന്നു കിട്ടിയ രാഷ്ട്രീയബോധം ഇങ്ങനെയാവുമ്പോൾ അയാൾ രാഷ്ട്രീയവിരോധി ആയില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ? അവരുടെ കപടവും പരിഹാസ്യവുമായ രാഷ്ട്രീയമല്ല സമൂഹത്തിനാവശ്യമെന്നതാണ് സന്ദേശം സിനിമയുടെ സന്ദേശം. കുറേക്കൂടി സെൻസിബിൾ ആയ രാഷ്ട്രീയബോധത്തിന്റെ ആവശ്യകതയിലാണ് അത് ഊന്നുന്നത്. അല്ലാതെ സന്ദേശം ഒരു അരാഷ്ട്രീയസിനിമയൊന്നുമല്ല.
ശ്രീനിവാസൻ ‘ഏബിവിപി’ ആയിരുന്നു എന്നു ‘സ്വയം പ്രഖ്യാപിക്കുന്ന ‘ ആ വീഡിയോ ഞാനും കണ്ടു. ‘അച്ഛൻ കമ്യൂണിസ്റ്റ് ആയിരുന്നു. അമ്മയുടെ വീട്ടിൽ ചെല്ലുമ്പോൾ അവിടെ എല്ലാവരും കോൺഗ്രസ്. ഞാൻ കോളേജിൽ ആദ്യം കെ എസ് യു. പിന്നെ ഒരു സുഹൃത്ത് ബ്രെയിൻ വാഷ് ചെയ്തപ്പോൾ എബിവിപി ആയി. കൈയിൽ രാഖിയും കെട്ടി നാട്ടിലെത്തി… അന്നൊന്നും എനിക്ക് ഒരു ബോധവുമില്ലായിരുന്നു’ എന്നൊക്കെ കേട്ടാൽ മനസ്സിലാവില്ലേ അന്നത്തെ ആ രാഷ്ട്രീയബോധത്തെയാണു സ്വയം കളിയാക്കുന്നതെന്ന്? അതേ ഉപരിപ്ലവമായ രാഷ്ട്രീയബോധത്തെയാണ് സന്ദേശം സിനിമയും പരിഹസിക്കുന്നത്.
സന്ദേശം സിനിമ കണ്ടാൽ ഇനിയും ഞാൻ ചിരിച്ചുമറിയും. ശ്രീനിവാസന്റെ വ്യക്തിപരമായ രാഷ്ട്രീയം എന്തായാലും അത് ആ ചിരിക്ക് ഒരു തടസ്സമാവില്ലെന്നും മനോജ് വ്യക്തമാക്കി.