കൊച്ചി: ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു.
ജനപക്ഷത്തിനൊപ്പം നിന്ന് നീതിയുക്തമായ വിധികള്‍ പുറപ്പെടുവിച്ച ന്യായാധിപനായിരുന്നു ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍. കേരള ഹൈക്കോടതിയില്‍ 12 വര്‍ഷത്തിലേറെ ജഡ്ജിയായിരുന്ന അദ്ദേഹം കൊല്‍ക്കത്ത തെലങ്കാന, ഹൈദരാബാദ്, ചത്തീസ്ഗഢ് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പൗരാവകാശങ്ങളും ജനകീയ പ്രശ്‌നങ്ങളും ഉള്‍പ്പെട്ട വിഷയങ്ങളില്‍ നിരന്തര ഇടപെടല്‍ നടത്തിയിരുന്ന തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിലും മുതിര്‍ന്ന പൗരന്മാരുടെ പ്രശ്‌നങ്ങളിലും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ നിര്യാണം നിയമമേഖലയ്ക്കും പൊതുരംഗത്തിനും തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറിച്ചു.