തിരുവനന്തപുരം ഡിസിസി ഓഫീസില്‍ നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗം നടക്കുന്നതിനിടെയാണ് കയ്യാങ്കളി. ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സംഭവം.
ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷിന് നേരെ കയ്യേറ്റശ്രമമുണ്ടായെന്നാണ് പരാതി. ശശി തരൂര്‍ എംപിയുടെ ഓഫീസ് സ്റ്റാഫ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് തമ്പാനൂര്‍ സതീഷ് ആരോപിച്ചു. എന്നാൽ സതീഷ് അനാവശ്യ പ്രകോപനമുണ്ടാക്കിയെന്നാണ് തരൂർ അനുകൂലികളുടെ വിമർശനം.
തിരുവനന്തപുരം സെൻട്രൽ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ചായിരുന്നു ഡിസിസി ഓഫീസിലെ ചർച്ച. തരൂരും ഡിസിസി അധ്യക്ഷൻ പാലോട് രവി അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിനിടെ പുറത്തിറങ്ങിയ തമ്പാനൂർ സതീഷും തരൂരിൻറെ പേഴ്സനൽ സ്റ്റാഫ് പ്രവീൺകുമാറും തമ്മിലാണ് ആദ്യം തർക്കമുണ്ടാകുന്നത്. തരൂരിനെതിരെ സതീഷ് മോശമായി സംസാരിച്ചുവെന്നും പ്രകോപനമുണ്ടാക്കിയെന്നുമാണ് തരൂർ അനുകൂലികളുടെ ആരോപണം.
അതേ സമയം പ്രവീൺകുമാറിനോട് ഓഫീസിൽ നിന്നും പുറത്ത് പോകണമെന്നാവശ്യപ്പെട്ട് സതീഷ് കയർത്ത് സംസാരിച്ചതാണ് പ്രശ്നത്തിന് കാരണമെന്നാണ് തരൂർ അനുകൂലികൾ പറയുന്നത്. നേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഡിസിസി അധ്യക്ഷന് സതീഷ് പരാതി നൽകി.