കൊച്ചി: ഇന്ന് ഓശാന ഞായര്‍. യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്മ പുതുക്കി ക്രൈസ്ത സമൂഹം ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. വിശുദ്ധ വാരാചാരണത്തിന് ഇന്നത്തെ ചടങ്ങുകളോടെ തുടക്കമാകും. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരുത്തോല പ്രദക്ഷിണവും നടക്കും.
ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോള്‍ ജനങ്ങള്‍ ഒലിവ് മരച്ചില്ലകള്‍ വീശി സ്വീകരിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് ഓശാന ഞായര്‍. വാഴ്ത്തിയ കുരുത്തോലകള്‍ വിശ്വാസികള്‍ക്ക് ഇന്ന് വിതരണം ചെയ്യും. ഇതുമായാകും വീടുകളിലേക്കുള്ള ഇവരുടെ മടക്കം.
അതേസമയം, സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ്, മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം സെന്റ് തോമസ് മൗണ്ടില്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും. യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രെസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് എറണാകുളം എളംകുളം സെന്റ് മേരീസ് സുനോറോ പള്ളിയില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.