മാനന്തവാടി: വയനാട്ടിൽ ചികിത്സ കിട്ടാതെ ഗോത്ര ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ നടപടി. കുട്ടി ചികിത്സ തേടിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനന്തവാടി മെഡിക്കൽ കോളേജിലെ താത്കാലിക ഡോക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കുട്ടിയ്ക്ക് ചികിത്സ നൽകുന്നതിൽ ഡോക്ടർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
വെള്ളമുണ്ട കാരാട്ടുക്കുന്ന് ആദിവാസി കോളനിയിലെ ബിനീഷ്, ലീല ദന്പതികളുടെ ആറ് മാസം പ്രായമുള്ള കുഞ്ഞ് മാര്‍ച്ച് 22 നാണ് മരിച്ചത്. അനീമിയയും, പോഷകാഹാരകുറവും ന്യൂമോണിയയുമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്.
ഗുരുതരാവസ്ഥയില്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ച കുഞ്ഞിന് മതിയായ ചികിത്സ നൽകാൻ ഡോക്ടർമാർ തയ്യാറായില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. കടുത്ത പനിയുണ്ടായിരുന്ന കുട്ടിയെ പരിശോധനകൾക്ക് വിധേയമാക്കിയില്ല. അഡ്മിറ്റ് ചെയ്യാതെ പനിയ്ക്കുള്ള മരുന്നുകൾ നൽകി വീട്ടിലേക്ക് മടക്കി അയച്ചു. തൊട്ടടുത്ത ദിവസം കുട്ടി മരിക്കുകയും ചെയ്തു.