തിരുവനന്തപുരം: വിഷു, ഈസ്റ്റർ ഉത്സവ സമയത്ത് യാത്രക്കാരിൽ നിന്ന് അന്യസംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ അമിത ചാർജ് ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോർവാഹന വകുപ്പിന് നിർദ്ദേശം നൽകി. ഇതിൽ കർശന നടപടി സ്വീകരിക്കുന്നതിനു എല്ലാ ആർടിഒ, എൻഫോഴ്സ്മെന്റ് ആർടിഒമാർക്കും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി.
അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന നടത്തുകയാണ്. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഓഫീസുകളിലും പരിശോധന നടത്തും. അന്യ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലോടുന്ന മുഴുവൻ ബസുകളും പരിശോധിക്കും. ടിക്കറ്റ് നിരക്കിനൊപ്പം മറ്റ് നിയമ ലംഘനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും.
അമിത ചാർജ് ഈടാക്കിയതു സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികൾ മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിലുള്ള എൻഫോഴ്സ്മെന്റ് ആർടിഒമാരുടെ വാട്ട്സ് ആപ്പ് നമ്പരിലേക്ക് അയയ്ക്കാം. വാഹന പരിശോധന സമയത്ത് ഇത്തരം പരാതികൾ ശ്രദ്ധയിൽപ്പെട്ടാൽ വാഹനത്തിന്റെ പെർമിറ്റ് താൽക്കാലികമായി റദ്ദാക്കുന്നതുൾപ്പെടെ കർശന നടപടി സ്വീകരിക്കും.
ഉത്സവ സീസണിൽ യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്ന അന്തര്‍സംസ്ഥാന ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ ഗതാഗത മന്ത്രിആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ഈസ്റ്റർ, വിഷു, റംസാൻ പ്രമാണിച്ച് സംസ്ഥാനാന്തര യാത്രകളിൽ ഭീമമായ നിരക്ക് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അടിയന്തര യോഗം ചേര്‍ന്നത്.