വൈക്കം: താനും പിണറായിയും ശരീരം കൊണ്ട് രണ്ടാണെങ്കിലും ചിന്ത കൊണ്ട് ഒന്നാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വൈക്കം സത്യാഗ്രഹം കേരളത്തിലായിരുന്നെങ്കിലും തമിഴ്നാട്ടിലും മാറ്റമുണ്ടാക്കിയെന്നും തമിഴ്‌നാടും കേരളവും ചേർന്ന് നയിച്ച പോരാട്ട വിജയത്തെയാണ് നമ്മളിന്ന് ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകിയ എല്ലാവരെയും ഓർക്കുന്നു. തമിഴ്നാട്ടിൽ നിന്നും പെരിയോരും കേരളത്തിൽ നിന്നും ടി കെ മാധവനും ചേർന്ന് നടത്തിയ പോരാട്ടമാണ്. ഒരു ഘട്ടത്തിൽ സമരം അവസാനിപ്പിക്കേണ്ടി വരുമെന്ന് ആളുകൾ കരുതി. അപ്പോഴാണ് പെരിയൊർ എത്തുന്നതെന്നും
കേരളത്തിൽ ഉടനീളം പെരിയൊർ വൈക്കം സമരത്തിനായി സംസാരിച്ചുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
തന്തൈ പെരിയാർ തമിഴകത്തിന്റെയോ ഇന്ത്യയുടെയോ മാത്രം മാത്രം നേതാവല്ല. ലോകത്തിന്റെയാകെ നേതാവാണ്. അദ്ദേഹം മുന്നോട്ടുവച്ചത് എല്ലാ ജനങ്ങൾക്കും വേണ്ടിയുള്ള ചിന്തകളാണ്.
സമത്വവും സോഷ്യലിസവും തുല്യനീതിയും വിവേചനമില്ലായ്മയും സ്ത്രീശാക്തീകരണവും ഉൾപ്പെടെയുള്ള മൂല്യങ്ങളാണ് അദ്ദേഹം മുന്നോട്ടുവച്ചത്. അവ ലോകത്തിനാകെ ആവശ്യമുള്ളവയാണ്. അത് പൂർണമായും വീണ്ടെടുക്കാൻ നമ്മളെല്ലാവരും പരിശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദമാക്കി.
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്നു നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിനുമുമ്പ് വലിയകവലയിലെ വൈക്കം തന്തൈ പെരിയാര്‍ സ്മാരകത്തിലും മഹാത്മാഗാന്ധി, ടി.കെ.മാധവന്‍, മന്നത്ത് പദ്മനാഭന്‍ എന്നിവരുടെ സ്മൃതിമണ്ഡപങ്ങളിലും കുഞ്ഞാപ്പി, ബാഹുലേയന്‍, ഗോവിന്ദപ്പണിക്കര്‍, ആമചാടി തേവന്‍, രാമന്‍ ഇളയത് എന്നീ സത്യാഗ്രഹികളുടെ സ്മൃതിമണ്ഡപങ്ങളിലും ഇരുവരും പുഷ്പാര്‍ച്ചന നടത്തി. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടനച്ചടങ്ങ്.
സംസ്ഥാന സർക്കാരിനു വേണ്ടി സംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന പരിപാടികള്‍ക്കാണ് ഇന്ന് തുടക്കം കുറിച്ചത്.