തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയതായി വിലയിരുത്തല്‍. ടിക്കറ്റ് നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന കണ്ടക്ടർമാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ സിഎംഡി നിർദ്ദേശിച്ചു. വരുമാനച്ചോര്‍ച്ച തടയാനാണ് സിഎംഡിയുടെ കര്‍ശന നിര്‍ദേശം.
ഇന്‍സ്പെക്ടര്‍മാര്‍ ഒരു ദിവസം 12 ബസ് പരിശോധിക്കണമെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഒരു മാസം 20 ബസ് പരിശോധിക്കണമെന്നും നിർദ്ദേശിച്ചു.
ടിക്കറ്റ് ഇല്ലാത്ത യാത്രക്കാർ, ടിക്കറ്റ് ഇല്ലാത്ത ലഗ്ഗേജ്, യാത്രക്കാരനൊപ്പമല്ലാത്ത ലഗേജ് എന്നിവ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നടപടികൾ സ്വീകരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ടിക്കറ്റ് നൽകുന്നതിൽ വീഴ്ച വരുത്തുന്ന കണ്ടക്ടർമാർക്കെതിരെ നടപടിയുണ്ടാകും.
തുക ഈടാക്കി ടിക്കറ്റ് നൽകാത്ത കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ജീവനക്കാർ, സ്ഥിരം ജീവനക്കാർ ഉൾപ്പെടെയുള്ള കേസ്സുകളിൽ സർക്കുലർ പ്രകാരം നടപടികൾ സ്വീകരിക്കുന്നതോടൊപ്പം കോർപ്പറേഷന് നഷ്ടം വരുത്തിയ തുകയുടെ 10 മടങ്ങ് തുക ഈടാക്കുമെന്നും മെമ്മോറാണ്ടത്തിൽ അറിയിച്ചു. ഈ ക്രമക്കേട് കണ്ടെത്തുന്ന ഉദ്യോഗസ്ഥന് ഈടാക്കുന്ന പിഴത്തുകയുടെ 25% നൽകുമെന്നും പാരിതോഷകമായി നൽകും.
ടിക്കറ്റ് നൽകുന്നതിൽ രണ്ട് തവണ വീഴ്ച വരുത്തിയാൽ പിരിച്ചുവിടൽ നടപടിക്കൊപ്പം ക്രിമിനൽ കുറ്റവും ചുമത്തും. കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിലും പരിശോധന ശക്തമാക്കണം എന്ന നിർദേശമുണ്ട്. ബസ് ജീവനക്കാരുടെ പെരുമാറ്റവും ജോലിയിലെ കൃത്യതയായും ഇത്തരം പരിശോധങ്ങളിൽ ഉൾപ്പെടുത്തണമെന്നും മെമ്മോറാണ്ടം വ്യക്തമാക്കുന്നു.