ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി ആം ആദ്മി. രാജ്യത്തെ വിദ്വേഷം അവസാനിപ്പിക്കാനും വികസന നയങ്ങൾ രൂപീകരിക്കാനും ഇന്ത്യക്ക് വിദ്യാസമ്പന്നനായ പ്രധാനമന്ത്രിയെ ആവശ്യമാണെന്ന് ആം ആദ്മി പാർട്ടി പറഞ്ഞു.
‘മോദി ഹഠാവോ-ദേശ് ബച്ചാവോ’ (മോദിയെ പുറത്താക്കൂ – രാജ്യത്തെ രക്ഷിക്കൂ) ക്യാമ്പയിൻ പ്രഖ്യാപിച്ച് ശ്രീനഗറിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രസ്താവന. നിരക്ഷരന് ഒരു രാജ്യം ഭരിക്കാൻ കഴിയില്ലെന്നും എഎപി മീഡിയ കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ നവാബ് നസീർ അമൻ പറഞ്ഞു,
താൻ നിരക്ഷരനാണെന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്. നയ രൂപീകരണത്തിനും വിദ്വേഷം അവസാനിപ്പിക്കാനും ഇന്ത്യക്ക് വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രി ആവശ്യമാണ്. നിരക്ഷരന് ഒരു രാജ്യം ഭരിക്കാൻ കഴിയില്ല. ‘മോദി ഹഠാവോ-ദേശ് ബച്ചാവോ’ ക്യാമ്പയിൻ നടത്തുന്നത് കൊണ്ട് പാർട്ടി വിമർശനങ്ങൾ നേരിടേണ്ടിവരുമെന്നും പ്രചാരണത്തിന്റെ പേരിൽ ജയിലിൽ അടയ്ക്കപ്പെടാമെന്നും നവാബ് നസീർ അമൻ പറഞ്ഞു.
നമുക്ക് രാജ്യത്തെ രക്ഷിക്കണമെങ്കിൽ, സർദാർ വല്ലഭായ് പട്ടേലിന്റെയോ ഗാന്ധിയുടെയോ ജവഹർലാൽ നെഹ്റുവിന്റെയോ സ്വപ്നം സാക്ഷാത്കരിക്കണമെങ്കിൽ നരേന്ദ്ര മോദി പോകണം. നരേന്ദ്ര മോദി അദ്ദേഹത്തിന്റെ നേട്ടങ്ങൾക്കായി കോടതികൾ, ഇഡി, ഇസിഐ തുടങ്ങിയ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്. സ്വാതന്ത്ര്യത്തിനായി നാം ഒരു പുതിയ പോരാട്ടം നടത്തണം, വിദ്യാസന്പന്നനായ ഒരു പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കണമെന്നും അമൻ പറഞ്ഞു.
ഈ സർക്കാർ ബിജെപി ഇതര പാർട്ടികളിൽ നിന്നുള്ള മുഖ്യമന്ത്രിമാർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയയ്ക്കുന്നു, അവരെ റെയ്ഡ് ചെയ്യുന്നു, പക്ഷേ, അവർ ബിജെപിയിൽ ചേരുന്പോൾ അവർ ശുദ്ധരാകുന്നു.
നിലവിലെ കേന്ദ്രസർക്കാർ ഏതാനും വ്യവസായികളുടെ അഭിവൃദ്ധിക്കുവേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് അമൻ കൂട്ടിച്ചേർത്തു.