ചെന്നൈ: തൈരിൻ്റെ പാക്കറ്റിൽ ‘ദഹി’ എന്ന ഹിന്ദി വാക്ക് പ്രിൻ്റ് ചെയ്യണമെന്ന നിർദ്ദേശം തിരുത്തി ഫുഡ് സേഫ്റ്റി അതോറിറ്റി. മാർഗനിർദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ മലക്കം മറിച്ചിൽ. ദഹി എന്നോ തൈരിൻ്റെ മറ്റ് വകഭേദങ്ങളോ പാക്കറ്റിൽ രേഖപ്പെടുത്താമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നു.
ദഹി എന്ന ഹിന്ദി വാക്ക് എഴുതാനുള്ള നീക്കം തമിഴ്നാട്ടിലും കർണാടകയിലും പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയാണ് തീരുമാനം മാറ്റിയത്. ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനമാണ് തമിഴ്നാട്ടിലും കർണാടകയിലും ഉയർന്നത്. കേർഡ് എന്നതിനൊപ്പം അതാത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളിലെ പദങ്ങളും എഴുതാമെന്ന് ഭക്ഷ്യസുരക്ഷ അതോറിറ്റി അറിയിച്ചു.
തമിഴ്നാട്ടിലെ മിൽക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷനു നൽകിയ ഉത്തരവിലാണ് ‘തൈര്’ എന്ന തമിഴ് വാക്കിനു പകരം ‘ദഹി’ എന്ന ഹിന്ദി വാക്ക് ഉപയോഗിക്കണമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി നിർദ്ദേശിച്ചത്.
തൈര് പാക്കറ്റുകളിൽ ഹിന്ദി ലേബൽ കൊണ്ടുവരുന്നതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കുന്ന നടപടിയെ എതിർക്കുമെന്ന് സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. തൈര് പാക്കറ്റുകളിൽ കൂടി ഹിന്ദി ഉപയോഗിക്കണമെന്ന നിലയിലേക്കെത്തി നിൽക്കുകയാണ് കാര്യങ്ങൾ. കന്നടയേയും തമിഴിനേയും ഇതിലൂടെ ഇകഴ്ത്തുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.
കർണാടകത്തിലെ ഏറ്റവും വലിയ പാൽ ഉത്പാദകരായ ബെഗളൂരു മിൽക്ക് യൂണിയൻ ലിമിറ്റഡ് പ്രസിഡന്റ് നരസിംഹമൂർത്തി എഫ്എസ്എസ്എഐ നടപടിയെ വിമർശിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ഇത്തരം നീക്കങ്ങൾ പ്രാവർത്തികമാക്കില്ലെന്നും എഫ്എസ്എസ്എഐക്ക് ഇത് സംബന്ധിച്ച് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി സംസ്ഥാന ഘടകവും ഈ സർക്കുലറിനെ എതിർത്തു. ഇതിനു പിന്നാലെയാണ് സർക്കുലർ തിരുത്താൻ ഫുഡ് സേഫ്റ്റി അതോറിറ്റി നിർബന്ധിതരായത്.