ഇടുക്കി: അരിക്കൊമ്പനെ പിടികുടും വരെ സമരം തുടരാൻ സർവ്വകക്ഷി യോഗ തീരുമാനം. ആന തകർത്ത വീടുകളുടെ ഉടമകളെയും, ആന കൊന്നവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി തുടർ ദിവസങ്ങളിൽ സമരം നടത്തും. നാളെ ജനപ്രതിനിധികൾ പൂപ്പാറയിൽ ധർണ നടത്തും. ഉച്ചക്ക് 3 മണി മുതൽ വൈകിട്ട് ആറു വരെയാണ് ധർണ
സിമന്‍റ് പാലത്തെ സമരം ആറ് മണിയോടെ അവസാനിപ്പിക്കും. രാത്രിയിൽ സിമൻ്റ് പാലത്തെ റോഡിൽ കുത്തിയിരിക്കുമെന്ന തീരുമാനം സമരസമിതി പിൻവലിച്ചു. പൊലീസ് ഇടപെട്ടതിനെത്തുടർന്നതാണ് ഇന്ന് രാത്രി സമരം ചെയ്യേണ്ടെന്ന് തീരുമാനിച്ചത്.
ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 10 പഞ്ചായത്തുകളിൽ ഇന്ന് ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു. വിവിധ സ്ഥലങ്ങളിൽ സമരക്കാർ കൊച്ചി ധനുഷ്ക്കോടി ദേശീയ പാതയും സിമന്റ് പലത്ത് റോഡും ഉപരോധിച്ചു.
അരിക്കൊമ്പൻ അപകടകാരിയാണെന്ന് വനംവകുപ്പ് കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. 2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പനാണ്. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങളും അരിക്കൊമ്പൻ തകർത്തിരുന്നു.
2017ൽ മാത്രം തകർത്തത് 52 വീടുകളും കടകളുമാണ്. അരിക്കൊമ്പനെ പിടികൂടി കോടനാട്ടേക്ക് മാറ്റുകയോ, റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിനുള്ളിലേക്ക് തുറന്നു വിടുകയോ ചെയ്യും. നിലവിലെ പ്രദേശത്ത് നിന്നും അരിക്കൊമ്പനെ മാറ്റേണ്ടത് അനിവാര്യമാണെന്നാണ് വനംവകുപ്പിന്റെ വാദം.
അരിക്കൊമ്പനെ പിടികൂടുന്നത് താൽക്കാലികമായി വിലക്കി കൊണ്ടാണ് ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവിറക്കിയത്. അരിക്കൊമ്പനെ പിടികൂടുന്നതിന് പകരം മറ്റെന്തെങ്കിലും പരിഹാരമുണ്ടോയെന്ന് അഞ്ചംഗ വിദഗ്ധ സമിതി പരിശോധിക്കമെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിദഗ്ദ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ഈ മേഖലയിലുള്ളവരുടെയും വന്യജീവികളുടെയും താത്പര്യങ്ങൾ പരിഗണിക്കണം. നാട്ടുകാരിൽ നിന്ന് അഭിപ്രായങ്ങൾ തേടണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്.