തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ ചുമതല ഏറ്റെടുത്തതിൽ സിസ തോമസിന് നാളെ ഹിയറിങ്. കാരണം കാണിക്കൽ നോട്ടീസിൽ തുടർ നടപടികളുടെ ഭാഗമായാണ് സംസ്ഥാന സർക്കാർ സിസ തോമസിനോട് ഹാജരാവാൻ നിർദ്ദേശം നൽകിയത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി മുമ്പാകെ സിസ തോമസ് നാളെ രാവിലെ 11.30 ന് ഹാജരാകണം. നാളെ സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് സിസ തോമസിനോട് ഹാജരാകാൻ സർക്കാർ ആവശ്യപ്പെട്ടത്.
സിസ തോമസിനെതിരെ നടപടിയെടുക്കും മുൻപ് സർക്കാർ അവരെ കേൾക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് തള്ളണമെന്ന സിസ തോമസിന്റെ ആവശ്യം ട്രൈബ്യൂണൽ അംഗീകരിച്ചില്ല. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ താത്കാലിക ചുമതല ഏറ്റെടുത്തതിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
സർക്കാറിന്റെ അനുമതിയോടുകൂടി വേണമായിരുന്നു സീസാതോമസ് പുതിയ ഉത്തരവാദിത്വം സ്വീകരിക്കാനെന്ന് മന്ത്രി ആർ. ബിന്ദു. സിസാ തോമസിനെതിരെ എന്ത് നടപടി വേണമെന്നുള്ള കാര്യം ആലോചിച്ച് തീരുമാനിക്കും. ആരെയും വിഷമിപ്പിക്കാൻ വേണ്ടി അല്ല നടപടിയെടുക്കുന്നതെന്നും വ്യവസ്ഥാപിതമായ ചില കാര്യങ്ങളുണ്ട് അത് പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.സിസ തോമസ് എന്തുപറയുന്നു എന്ന കാര്യം കൂടി കേട്ടു മാത്രമേ നടപടിയിലേക്ക് പോവുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.