സാങ്കേതിക തടസ്സങ്ങളും കോടതി വ്യവഹാരങ്ങളും മറികടന്നുകൊണ്ട് കോഴിക്കോട് ജില്ലയിലെ 19 പഞ്ചായത്തുകളിലെ 11 ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന ജലജീവൻ മിഷന്റെ രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെട്ട രണ്ട് ബൃഹത് പ്രവർത്തികൾക്ക് അനുമതി ആയി.
കോഴിക്കോട് ജില്ലയിലെ ഉള്ളേരി മൂടാടി നൊച്ചാട് കീഴരിയൂർ മേപ്പയൂർ അത്തോളി ചെങ്ങോട്ട് കാവ് ചേമഞ്ചേരി കൂരാച്ചുണ്ട് എന്നീ 11 പഞ്ചായത്തുകളിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളമെത്തിക്കുന്ന 1046 കോടിയുടെയും , ചാത്തമംഗലം മടവൂർ കിഴക്കോത്ത് ഉണ്ണിക്കുളം പുതുപ്പാടി താമരശ്ശേരി കട്ടിപ്പാറ കോടഞ്ചേരി എന്നീ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് വെള്ളം എത്തിക്കുന്ന 786 കോടി രൂപയുടെ മറ്റൊരു പദ്ധതിക്കും ജലജീവൻ മിഷന്റെ രണ്ടാം ഘട്ടത്തിൽ അനുമതി ലഭിച്ചിരുന്നു. ഈ രണ്ട് ബൃഹത് പദ്ധതികളും വിവിധ പാക്കേജുകൾ ആയി നടപ്പിൽ വരുത്താനാണ് നിർവഹണ ഏജൻസിയായ കേരള വാട്ടർ അതോറിറ്റി തീരുമാനിച്ചത്. അതിൻറെ അടിസ്ഥാനത്തിൽ ഉൽപാദന ഘടകങ്ങളായ കിണർ ശുദ്ധീകരണശാല മറ്റു അനുബന്ധ സംവിധാനങ്ങളും സംഭരണികളും ഉൾപ്പെടുത്തിക്കൊണ്ട് വ്യത്യസ്തമായ രണ്ട് പാക്കേജുകളും വിതരണ ശൃംഖല ഉൾപ്പെടെ ഗാർഹിക കുടിവെള്ള കണക്ഷൻ നൽകുന്നതിന് മറ്റു പാക്കേജുകളും എന്ന രീതിയിലാണ് പ്രവർത്തി നടപ്പിലാക്കാൻ അനുമതി ലഭിച്ചത്.
ഇതിൽ ഉള്ളേരിയും സമീപ പഞ്ചായത്തുകൾക്കും ആയുള്ള പദ്ധതിയുടെ 320 കോടി രൂപയ്ക്കുള്ള 100 ദശലക്ഷം ശുദ്ധീകരണ ശേഷിയുള്ള ജലശുദ്ധീകരണ ശാല ഉൾപ്പെട്ട പാക്കേജിന്റെ ടെൻഡറും,ചാത്തമംഗലം സമീപ പഞ്ചായത്തുകൾക്കുമായുള്ള 238 കോടി രൂപയുടെ കിണറും 100 ദശലക്ഷം ശേഷിയുള്ള ശുദ്ധീകരണശാലയും അനുബന്ധ ഘടകങ്ങളും ഉൾപ്പെട്ട മറ്റൊരു മറ്റൊരു ടെൻഡറുമാണ് സാങ്കേതിക വിഷയങ്ങളിലും കോടതി വ്യവഹാരങ്ങളിലും പെട്ട് അനിശ്ചിതത്വത്തിൽ ആയത്. സർക്കാർതലത്തിലെ ഇടപെടലുകളും കോടതി തീരുമാനങ്ങൾക്കും ഒടുവിൽ ഈ രണ്ട് ടെൻഡറുകളും യോഗ്യത നേടിയവരിൽ ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്ത കരാർ കമ്പനിക്ക് നൽകുന്നതിന് വാട്ടർ അതോറിറ്റി തലത്തിൽ തീരുമാനമായിട്ടുണ്ട്.
ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായാണ് ജൽ ജീവൻ മിഷൻ വിഭാവനം ചെയ്യുന്നത്. സംസ്ഥാനത്ത് ഇതിനകം തന്നെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി 40000 കോടി രൂപയിൽ അധികം തുകക്ക് ഭരണാനുമതിയും നൽകിക്കഴിഞ്ഞു. ഇത്തരത്തിൽ വിശാലവും വികേന്ദ്രീകൃതവുമായി നടപ്പിലാക്കുന്ന ഈ മിഷൻ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുക എന്നത് അനിവാര്യമാണ്. സാങ്കേതികതകളുടെ ഊരക്കുടുക്കുകളിൽ ജനജീവിതത്തിന്റെ പരമ പ്രധാന അവശ്യങ്ങളിൽ ഒന്നായ കുടിവെള്ളവും, അതിന്റെ പദ്ധതികളും തടപ്പെടുന്നത് ജനകീയനായ പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്.
ഈ രണ്ട് ടെണ്ടറുകൾക്ക് പുറമെ, വിതരണ ശൃംഖല സ്ഥാപിച്ചുകൊണ്ട് വീടുകളിൽ കുടിവെള്ള കണക്ഷൻ നൽകുന്ന മറ്റു പ്രവർത്തികൾ കരാറുകൾ നൽകി പുരോഗമിച്ചു വരികയാണ്. ഉൽപ്പാദന ഘടകങ്ങളായ ശുദ്ധീകരണശാലകളുടെയും വിതരണ ശൃംഖലയുടെ ഭാഗമായ ഉപരിതല സംഭരണികളുടെയും പ്രവർത്തികൾ പ്രാവർത്തികമാക്കാതെ വീടുകളിലേക്കുള്ള കണക്ഷൻ നൽകുന്നത് പ്രാദേശികമായി ജനങ്ങളിൽ വലിയ പ്രതിഷേധത്തിനും പിന്നീട് കടുത്ത അഴിമതിയായും മാറ്റപ്പെടുമെന്ന് പഞ്ചായത്ത് ഭരണസമിതികളും മുന്നറിയിപ്പു നൽകിയിരുന്നു.
ചുരുങ്ങിയ സമയം കൊണ്ട് ബൃഹത്തായ പദ്ധതിക്ക് രൂപരേഖ തയ്യാറായത് നിലവിലെ വാട്ടർ അതോറിറ്റി ഉത്തരമേഖലാ ചീഫ് എൻജിനീയറായ ഡോ: പി.ഗിരീശന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് പ്രോജെക്ട് ഡിവിഷനിലെ എഞ്ചിനീയർമാരുടെ സംഘത്തിന്റെ ശ്രമഫലമായാണ്.
കോഴിക്കോട് ജില്ലയിലെ 18 ഓളം വരുന്ന പഞ്ചായത്തുകളിൽ അധിവസിക്കുന്ന ലക്ഷക്കണക്കായ ജനങ്ങൾക്ക് 2054 വർഷത്തെ പ്രതീക്ഷിത കുടിവെള്ള ഉപയോഗം കൂടി പരിഗണിച്ചുകൊണ്ടാണ് മേൽപ്പറഞ്ഞ രണ്ട് കുടിവെള്ള പദ്ധതികളും വിഭാവനം ചെയ്തിട്ടുള്ളത്. ഇനിയും പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൽ കാലതാമസം സംഭവിച്ചാൽ വലിയ ജനകീയ പ്രക്ഷോഭങ്ങൾക്ക് വാട്ടർ അതോറിറ്റി ഓഫീസുകൾ വേദികളായി മാറും എന്നും അവർ സൂചിപ്പിച്ചു.