കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. പോലീസ് നടത്തിയ പരിശോധനയിൽ 794 ഗ്രാം ഹാഷിഷ് ഓയിലും 256 ഗ്രാം എംഡിഎംഎയും കണ്ടെത്തി.
കേസിൽ നല്ലളം സ്വദേശി ജെയ്സലിനെ പോലീസ് അറസ്റ്റ് ചെയ്തു. വിൽപനയ്ക്കായി കൊണ്ടുവന്ന 360 ഗ്രാം ഹാഷിഷ് ഓയിലുമായി ഇയാളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി ലഹരിപദാർഥങ്ങൾ വീട്ടിൽ സൂക്ഷിച്ചിട്ടുള്ളതായി സമ്മതിച്ചു. തുടർന്നു നടത്തിയ പരിശോധനയിൽ 10 ലക്ഷം രൂപയോളം വിലവരുന്ന 256 ഗ്രാം എംഡിഎംഎയും 20 ലക്ഷം രൂപയോളം വിലവരുന്ന 434 ഗ്രാം ഹാഷിഷ് ഓയിലും കൂടി കണ്ടെത്തി.
സ്കൂൾ വിദ്യാർഥികളെ ലക്ഷ്യംവച്ച് സിന്തറ്റിക് – സെമി സിന്തറ്റിക് ലഹരിമരുന്നുകൾ വിൽപന നടത്തിയിരുന്ന ജെയ്സൽ ആദ്യമായാണ് പൊലീസിന്റെ പിടിയിലാകുന്നത്. ആന്ധ്രപ്രദേശ്, മണാലി, വിശാഖപട്ടണം, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഹരിപദാർഥങ്ങൾ വാങ്ങി കേരളത്തിലെത്തിക്കും. പച്ചക്കറികളും പഴങ്ങളും കൊണ്ടുവരുന്ന വാഹനങ്ങളിലാണ് ഇവ കടത്തിയിരുന്നത്. വിൽപനയ്ക്കായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടെന്നും അതുവഴി ആവശ്യക്കാരുമായി ആശയവിനിമയം നടത്തുമെന്നും പ്രതി മൊഴി നൽകി.