പ്ലസ്ടു അവസാനദിവസത്തെ പരീക്ഷ കഴിഞ്ഞ് ആഘോഷത്തിനിറങ്ങിയ വിദ്യാർഥികൾക്ക് മുന്‍പില്‍ കൈ കൂപ്പി കരഞ്ഞപേക്ഷിച്ച് പെണ്‍കുട്ടി.
“എന്‍റെ വീട്ടിൽ പൈസ ഇല്ല, എന്റെ അനുജത്തിക്ക് കൂടി ഉപയോഗിക്കാനുള്ള യൂണിഫോമാണ്, ചായം പൂശരുത്”, വിദ്യാർഥിനി അപേക്ഷിച്ചു. ദയനീയരംഗം കണ്ട പോലീസ് പെൺകുട്ടിയുടെ അടുത്തെത്തി മറ്റുകുട്ടികളെ മാറ്റി നിർത്തി പെൺകുട്ടിക്ക് രക്ഷ ഒരുക്കി രംഗം ശാന്തമാക്കി.
മലപ്പുറത്ത് കാളികാവിലാണ് സംഭവം. അവസാനദിവസത്തെ പരീക്ഷയും കഴിഞ്ഞ് ആഘോഷത്തിനിറങ്ങിയതായിരുന്നു വിദ്യാർഥികൾ. പിരിയുന്ന നേരത്ത് യൂണിഫോമുകളിൽ പരസ്പരം ഒപ്പുവെച്ചും ദേഹത്ത് ചായം പൂശിയും പുസ്തകങ്ങൾ കീറിയെറിഞ്ഞുമുള്ള ആഘോഷിക്കാനായിരുന്നു പദ്ധതി. അത്തരത്തിൽ വിദ്യാർഥികൾ മൈതാനത്ത് വെച്ച് പരസ്പരം ചായം വാരിത്തേക്കാനും യൂണിഫോമുകളിൽ ഒപ്പ് ചാർത്താനും ആരംഭിച്ചപ്പോഴാണ് അവർക്കിടയിൽ നിന്ന് ഈ പെൺകുട്ടിയുടെ കരച്ചിൽ കേട്ടത്.
മലയോര പ്രദേശത്ത് താമസിക്കുന്ന പെണ്‍കുട്ടി സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബത്തിൽ നിന്നാണ് വരുന്നത്. ഈ കുട്ടിയുടെ സഹോദരിയും ഇതേ സ്കൂളിൽ തന്നെ പഠിക്കുകയാണ്. അതുകൊണ്ട് അനുജത്തിക്കായി അടുത്ത അധ്യയനവര്‍ഷം ഉപയോഗിക്കാന്‍ ഈ യൂണിഫോം മാറ്റി വെച്ചിരിക്കുകയാണ്.
നിലവിൽ ഒരു ജോഡി യൂണിഫോമിന് ഏകദേശം ആയിരത്തോളം രൂപ ചിലവ് വരുന്നുണ്ട്. ഇതിന് പുറമെ പുസ്തകം മറ്റു സ്കൂൾ സാമഗ്രികൾ ഒക്കെയായി വലിയ ചെലവും വഹിക്കേണ്ടതായി വരും. പലപ്പോഴും സാധാരണക്കാരായ ആളുകൾക്ക് ഇത്തരത്തിൽ ഭീമമായ തുക വഹിക്കുക എന്നത് തന്നെ വലിയ പ്രയാസമാണ്.
സ്കൂൾ അവസാന ദിവസം ആഘോഷിക്കാനായി തുറന്ന ജീപ്പുകളും ആഡംബര കാറുകളും ബൈക്കുകളും നേരത്തെതന്നെ വിദ്യാർഥികൾ സംഘടിപ്പിച്ച്, കൂട്ടമായെത്തുന്നത് പതിവാണ്. ഇതേതുടര്‍ന്ന്‍ പോലീസ് സ്കൂള്‍ പരിസരത്ത് പട്രോളിങ്ങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂളിന്റെ ഭാഗത്ത് നിന്ന് പരാതികൾ ലഭിച്ചാൽ അതിനനുസരിച്ചുള്ള നടപടികളും ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.