കൊച്ചി: തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുഴഞ്ഞുവീണ് മരിച്ച ഇരുമ്പനം സ്വദേശി മനോഹരനെ മർദ്ദിച്ച എസ്ഐ ജിമ്മി ജോസിനെ സിപിഐഎം ജില്ലാ നേതൃത്വം സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. വാദികളേയും പ്രതികളേയും എസ്ഐ മർദ്ദിക്കും. മർദ്ദന വീരനാണ് എസ്ഐ എന്നും വി ഡി സതീശൻ പറഞ്ഞു.
‘‘പൊലീസ് മർദനത്തില്‍ കൊല്ലപ്പെട്ട ഇരുമ്പനം സ്വദേശി മനോഹരനെ എസ്ഐ അടിച്ചതിന് ദൃക്‌സാക്ഷിയുണ്ടായിരുന്നു. വാഹനത്തിലും സ്‌റ്റേഷനിലും വച്ച് നിരവധി പേരാണ് അദ്ദേഹത്തെ മര്‍ദ്ദിച്ചത്. സിഐ ഉള്‍പ്പെടെയുള്ളവര്‍ ഉത്തരവാദികളാണ്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷന്‍ ലോക്കപ്പ് മര്‍ദ്ദനത്തിന്റെ കേന്ദ്രമാണ്. അവിടുത്തെ സിഐയെ രക്ഷിക്കാന്‍ ജില്ലയിലെ സിപിഎം നേതൃത്വം സജീവമായുണ്ട്. വഴിയേ പോകുന്ന ആളുകളെ പൊലീസ് തല്ലിക്കൊല്ലുമെന്ന അവസ്ഥയില്‍ ജനങ്ങള്‍ എങ്ങനെ ജീവിക്കും? കസ്റ്റഡി മരണമുണ്ടായിട്ടും ലാഘവത്തോടെയാണ് സര്‍ക്കാര്‍ അതിനെ കൈകാര്യം ചെയ്യുന്നത്. ഇത് അംഗീകരിക്കാനാകില്ല. ശക്തമായ സമരവുമായി യുഡിഎഫ് മുന്നോട്ട് പോകും.’ – സതീശൻ വ്യക്തമാക്കി.
തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ ലോക്കപ്പ് മർദ്ദനത്തിന്റെ കേന്ദ്രമാണെന്നും വി ഡി സതീശൻ ആരോപിച്ചു. പാന്റിന്റെ പോക്കറ്റിൽ കയ്യിട്ടു നിന്നതിന്റെ പേരിൽ 18 വയസുകാരനെ മർദ്ദിച്ച് നട്ടെല്ല് പൊട്ടിച്ചു. ഇത് സംബന്ധിച്ച് കമ്മീഷ്ണർക്ക് മുന്നില്‍ പരാതിയുണ്ട്. കുട്ടിയുടെ പിതാവ് നിയമസഭയിലെത്തി എന്നോട് പരാതി പറഞ്ഞതിനെ തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കണമെന്ന് കമ്മീഷണറെ വിളിച്ച് ആവശ്യപ്പെട്ടതാണ്. എന്നിട്ടും നടപടിയെടുത്തില്ലെന്നും സതീശൻ ആരോപിച്ചു.
മനോഹരനെ മർദ്ദിച്ചത് എസ് ഐ മാത്രമാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമൻ പറഞ്ഞിരുന്നു. മറ്റ് പൊലീസുകാർ മർദ്ദിച്ചതിന് തെളിവുകളും സാക്ഷി മൊഴികളും ഇല്ല. എസ് ഐ മർദ്ദിച്ചത് തെളിഞ്ഞത് കൊണ്ടാണ് സസ്‌പെൻഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ എസ് എച്ച് ഒക്കെതിരെയും പരാതി ലഭിച്ചിട്ടുണ്ട്. പരാതിയിൽ അന്വേഷണം ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ എസ്‌ഐ ജിമ്മി ജോസിനെ സസ്‌പെൻഡ് ചെയ്തിരുന്നു.