വ്യത്യസ്തമായ പ്രമേയം അവതരിപ്പിച്ച് ഒട്ടേറെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമായ ധരണിയുടെ പ്രദര്‍ശനവിജയം അണിയറപ്രവര്‍ത്തകര്‍ ആഘോഷിച്ചു. ശ്രീവല്ലഭന്‍ ബി ഒരുക്കിയ ധരണിയുടെ ഇരുപത്തിയഞ്ചാം പ്രദര്‍ശന ദിനാഘോഷമാണ് പ്രവര്‍ത്തകര്‍ ആഘോഷിച്ചത്.
തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബ്ലില്‍ നടന്ന ആഘോഷ ചടങ്ങുകള്‍ ചിത്രത്തിലെ പ്രധാന കഥാപാത്രവും നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പ്രൊഫസര്‍ അലിയാര്‍ ഉദ്ഘാടനം ചെയ്തു.
വിജയാഘോഷത്തിന്‍റെ കേക്ക് മുറിച്ചും, അണിയറപ്രവര്‍ത്തകര്‍ക്ക് സ്നേഹോപഹാരങ്ങൾ നല്‍കിയുമാണ് ചടങ്ങുകള്‍ നടത്തിയത്. സംവിധായകന്‍ ശ്രീവല്ലഭന്‍ ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് കെ രമേഷ് ,സജുലാല്‍, ഷാജി പി ദേശീയന്‍, പ്രോജക്ട് ഡിസൈനർ ആഷിം സൈനുൽആബ്ദീൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞ്ഞാറമൂട്, അഭിനേതാക്കളായ രതീഷ് രവി , ദിവ്യ തുടങ്ങിയവരും സംബന്ധിച്ചു.
സിനിമയെ സ്വീകരിച്ച പ്രേക്ഷകരുടെ ചിത്രങ്ങൾ ഇരുപത്തിയഞ്ചാം ദിന പോസ്റ്ററിൽ ഉൾപ്പെടുത്തിയതിലൂടെ ശ്രദ്ധ നേടിയ ചിത്രം കൂടിയായിരുന്നു ധരണി.